കേരളത്തിലെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍  ഭൂമി വാങ്ങിക്കൂട്ടി, ഇഡി അന്വേഷിക്കുന്നു 

പൂനെ-സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ക്കെതിരെ കേരളത്തിന് പുറത്ത് ഇഡിയുടെ അന്വേഷണം. കേരളത്തിലെ മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തിലെ രണ്ട് സിപിഎം മന്ത്രിമാരാണ് ഇത്തരത്തില്‍ വമ്പിച്ച സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത് എന്നാണ് സൂചന. 200 എക്കറിലധികം ഭൂമിയാണ് ഇത്തരത്തില്‍ ബിനാമി പേരില്‍ സമ്പാദിച്ചിരിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ വിരമിച്ച ഐ എ എസ് ഓഫീസറുടെ സഹായത്തോടെയാണ് ഇടപാട് നടത്തിയതെന്നാണ് വിവരം.എന്നാല്‍ മന്ത്രിമാര്‍ ആരൊക്കെയാണെന്ന വിവരം നിലവില്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സിന്ധുദുര്‍ഗ് ജില്ലയിലെ റവന്യു അധികാരികളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ ഇടപാട് സ്ഥിരീകരിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മഹാരാഷ്ട്രയിലാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ബിനീഷ് കോടിയേരിയുടെ വസതിയില്‍ നടന്ന റെയ്ഡിലും സ്വപനയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ പേരിലും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഇ ഡിക്കെതിരെ ആരോപണം കടുപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സിപിഎം മന്ത്രിമാരുടെ പേരിലുള്ള ബിനാമി ഭൂരി ഇടപാട് ഇ ഡിയുടെ മുന്നിലെത്തുന്നത്.
മഹാരാഷ്ട്രയില്‍ ബിനാമി ഭൂമിയുള്ള കേരളത്തിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയിലെ സിന്ധ് ദുര്‍ഗ് ജില്ലയില്‍ ബിനാമി പേരില്‍ 200 ഏക്കറില്‍ അധികം ഭൂമിയുണ്ടെന്നും ബിനാമി ഒരു കണ്ണൂര്‍ക്കാരനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


 

Latest News