Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം ഉയരാൻ കൊറോണ സഹായകമായി

റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ഉയരാൻ കൊറോണ മഹാമാരി സഹായകമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ സ്വദേശിവൽക്കരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി അൽശഹ്‌റാനി പറഞ്ഞു. കൊറോണ മഹാമാരി സൗദി അറേബ്യ പ്രയോജനപ്പെടുത്തിയെന്നും കൊറോണ പ്രതിസന്ധിക്കിടെ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഈ വർഷം രണ്ടാം പാദം സൗദിയിൽ നിന്നുള്ള വിദേശ തൊഴിലാളികളുടെ വൻ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ചു. ആദ്യ പാദത്തിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 30,000 വിസകൾ മാത്രമാണ് അനുവദിച്ചത്. സൗദിവൽക്കരണം നടപ്പാക്കുന്നതിന് മികച്ച അവസരമായിരുന്നു കൊറോണ മഹാമാരി. ഈ വർഷം ആദ്യ പകുതിയിൽ തൊഴിലില്ലായ്മാ നിരക്ക് 11.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2018 ആദ്യ പകുതിയിൽ തൊഴിലില്ലായ്മാ നിരക്ക് 12.8 ശതമാനമായിരുന്നെന്നും എൻജിനീയർ ഗാസി അൽശഹ്‌റാനി പറഞ്ഞു. 


അതേസമയം, സ്വദേശികളായ വഴിവാണിഭക്കാരുടെ ഉപജീവന മാർഗം മുടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പാർപ്പിടകാര്യ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ മാജിദ് അൽഹുഖൈൽ പറഞ്ഞു. ചില വഴിവാണിഭക്കാർ വേറെ ജോലിയിലില്ലാത്തവരാണെന്ന് റിയാദ് നഗരസഭാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കയിൽ മന്ത്രി പറഞ്ഞു. നിലവിലെ അതേ അവസ്ഥയിൽ വഴിവാണിഭം നടത്താൻ തെരുവു കച്ചവടക്കാരെ അനുവദിക്കാനും അവരെ അവഗണിക്കാനും പാടില്ല. വഴിവാണിഭം നടത്തുന്നതിന് അനുയോജ്യമായ സ്ഥലം തെരുവു കച്ചവടക്കാർക്ക് കണ്ടെത്തി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 
കഴിഞ്ഞ വർഷം ആകെ 20,60,000 ത്തോളം തൊഴിൽ വിസകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചിരുന്നു. ഇതിൽ 10,40,000 ത്തോളം വിസകൾ സ്വകാര്യ മേഖലക്കായിരുന്നു. കൊറോണ പ്രത്യാഘാതങ്ങളുടെ ഫലമായി മാർച്ച് 16 ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 


മാനവശേഷി വികസന നിധിക്കു കീഴിലെ നാഷണൽ ലേബർ ഒബ്‌സർവേറ്ററി കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 20.37 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിവൽക്കരണം 2019 ആദ്യ പാദത്തിൽ 20.21 ശതമാനവും 2018 ആദ്യ പാദത്തിൽ 18.61 ശതമാനവും 2017 ആദ്യ പാദത്തിൽ 16.46 ശതമാനവും 2016 ൽ 16.79 ശതമാനവും 2015 ൽ 17.14 ശതമാനവും 2014 ൽ 15.63 ശതമാനവുമായിരുന്നു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 17,12,571 സൗദി ജീവനക്കാരെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 66.78 ശതമാനം പേർ പുരുഷന്മാരും 33.22 ശതമാനം പേർ വനിതകളുമാണ്. 


രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരും ഗാർഹിക തൊഴിലാളികളും അടക്കം ആകെ 13.63 ദശലക്ഷം ജീവനക്കാരുണ്ട്. 2019 രണ്ടാം പാദത്തിൽ ആകെ ജീവനക്കാർ 12.86 ദശലക്ഷമായിരുന്നു. ഒരു വർഷത്തിനിടെ ആകെ ജീവനക്കാരുടെ എണ്ണം ആറു ശതമാനം തോതിൽ വർധിച്ചു. എന്നാൽ ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ആകെ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ആദ്യ പാദത്തിൽ ആകെ ജീവനക്കാർ 13.64 ദശലക്ഷമായിരുന്നു. ഒരു വർഷത്തിനിടെ സൗദി ജീവനക്കാരുടെ എണ്ണം 2.6 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ആകെ സൗദി ജീവനക്കാർ 3.17 ദശലക്ഷമാണ്. 2019 രണ്ടാം പാദത്തിൽ സൗദി ജീവനക്കാർ 3.09 ദശലക്ഷമായിരുന്നു.
 

Latest News