Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാഠപുസ്തകത്തിലെ രാഷ്ട്രീയം 

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തരിപ്പണമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച തീരുമാനമായിരുന്നു നോട്ടുനിരോധം എന്നത് ഏതു കൊച്ചുകുട്ടിക്കുമറിയുന്ന കാര്യമാണ് ഇന്ന്. രാജ്യത്തെ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും അർഥശങ്കക്കിടയില്ലാത്ത വിധം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കള്ളപ്പണം പിടികൂടാനെന്ന വ്യാജേന, ഇപ്പോഴും വ്യക്തമല്ലാത്ത ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് നടപ്പാക്കിയ അതിസാഹസമായിരുന്നു നോട്ടുനിരോധം. അത് രാജ്യത്തെ ജനങ്ങളെ ബാങ്കുകൾക്ക് മുന്നിലെ നിലയ്ക്കാത്ത നിരയിൽ അണിനിരത്തുകയും അവരുടെ കഷ്ടപ്പാടുകൾക്ക് മേൽ നിസ്സംഗ നീതീകരണങ്ങളുടെ ഭാരം കയറ്റിവെക്കുകയും ചെയ്തു. രാജ്യത്തെ കാഷ്‌ലസ് എക്കണോമിയിലേക്ക് നയിക്കാനുള്ള തീരുമാനമായി പിന്നീടത് വിശേഷിപ്പിക്കപ്പെട്ടു. എന്നിട്ടും റിസർവ് ബാങ്കിന്റെ കമ്മട്ടങ്ങളിൽനിന്ന് ചൂടുള്ള നോട്ടുകൾ ഇപ്പോഴും അച്ചടിച്ചിറക്കിക്കൊണ്ടിരിക്കുന്നു.


ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ട് നരേന്ദ്ര മോഡി സർക്കാർ രണ്ടാമതും തെരഞ്ഞെടുപ്പിൽ വിജയിച്ചു? വോട്ടെടുപ്പിലെ കൃത്രിമവും വോട്ട് യന്ത്രങ്ങളുടെ ദുരുപയോഗവും പോലുള്ള ആരോപണങ്ങൾ മാറ്റിനിർത്തി രാഷ്ട്രീയ വിശാരദൻമാർ അതിന് മറുപടി പറഞ്ഞിട്ടുണ്ട് - പച്ചയായ വർഗീയത. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അല്ലാത്തവരുമായി വേർതിരിക്കുന്നതിൽ സംഘ്പരിവാർ നേടിയ വിജയമാണ് അവരുടെ രണ്ടാം ജയത്തിന് വഴിയൊരുക്കിയത്. മോഡിയുടെ ആദ്യ ജയത്തിന് ശേഷമുള്ള അഞ്ചു വർഷം ഈ വർഗീയതയുടെ വിളവെടുപ്പുത്സവമായിരുന്നു. രാജ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ തകർച്ചയിലേക്ക് തള്ളിവിടുന്ന അനേകം നടപടികൾക്ക് ശേഷവും മനുഷ്യരെ മതപരമായി ധ്രുവീകരിച്ച് നേടിയ ആ വിജയം കൂടുതൽ ശക്തമായി ആവർത്തിക്കാൻ അണിയറയിൽ പല വിഭവങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാമക്ഷേത്ര നിർമാണവും പൗരത്വ നിയമവും കശ്മീരുമടക്കം പലതും യാഥാർഥ്യമായിക്കഴിഞ്ഞു.


എന്നാൽ ഈ സംഭവങ്ങളെക്കുറിച്ച് നമ്മുടെ വിദ്യാർഥികൾ പാഠപുസ്തകങ്ങളിലൂടെ മനസ്സിലാക്കുന്നത് എന്താണ്?  നോട്ടുനിരോധത്തെക്കുറിച്ച് പ്ലസ് ടു എക്കണോമിക്‌സ് പാഠപുസ്തകത്തിൽ പറയുന്ന ഭാഗം അയച്ചുതന്ന് മകൾ ചോദിക്കുകയാണ്, ഇതൊക്കെ ശരിയാണോ... ഈ വ്യാജ ഉത്തരങ്ങൾ തന്നെ ഞാൻ പരീക്ഷക്ക് എഴുതണോ... സത്യമല്ലാത്ത ഈ ഉത്തരങ്ങൾ എഴുതുന്നത് കാപട്യമല്ലേ എന്ന്. മറുപടിയില്ലാത്ത ചോദ്യം. 
മാർക്ക് വേണമെങ്കിൽ അതു തന്നെ എഴുതണമെന്നും എന്നാൽ സത്യം വിശ്വസിക്കാൻ പരീക്ഷയുടെ ആവശ്യമില്ലെന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയിച്ചതോടെ രാജ്യത്ത് ജാതിമത രാഷ്ട്രീയം അവസാനിച്ചുവെന്നും വികസനത്തിന്റെ പുതുയുഗം പിറന്നുവെന്നുമുള്ള പൊളിറ്റിക്‌സ് പാഠപുസ്തകത്തിലെ ഭാഗവും അവൾ അയച്ചുതന്നു. ഇതും ഇങ്ങനെ തന്നെ ഞാൻ എഴുതണോ എന്ന ചോദ്യവും.


തർക്കരഹിതമായ വസ്തുതകൾക്ക് പകരം, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രസ്താവനകൾ പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവെക്കുകയാണ് കേന്ദ്ര സർക്കാർ. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതാൻ മുരളി മനോഹർ ജോഷി തുടങ്ങിവെച്ച സംരംഭത്തിന്റെ തനിയാവർത്തനം കൂടുതൽ ശക്തമായും ബുദ്ധിപരമായും മുന്നേറുന്നു. മോഡി സർക്കാരിനെ മോഡി സർക്കാർ തന്നെ വിലയിരുത്തുകയാണ് പാഠപുസ്തകത്തിൽ. അവിടെ സ്വതന്ത്ര ചിന്തകരായ രാഷ്ട്രമീമാംസാ വിദഗ്ധർക്കോ അക്കാദമീഷ്യൻമാർക്കോ സ്ഥാനമില്ല. സംഘ് ആലയത്തിലെ വിശാരദൻമാർ ചമക്കുന്ന രാഷ്ട്രീയ ഭാഷ്യങ്ങൾ അപ്പടി വിഴുങ്ങാൻ നിർബന്ധിതരാണ് വിദ്യാർഥികൾ. അടുത്ത തലമുറയെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാനുള്ള ഗൂഢപരിശ്രമത്തിന് ബലിയാടാകുന്നത് സ്വതന്ത്രമായി ചിന്തിക്കുന്ന വിദ്യാർഥികളാണ്. 
മോഡി സർക്കാരിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു,  അല്ലെങ്കിൽ നോട്ടുനിരോധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് എന്നിങ്ങനെ വിദ്യാർഥികൾക്ക് അവരുടെ നിരീക്ഷണ പാടവം പങ്കുവെക്കാനുള്ള അവസരം ഇവിടെയില്ല. പകരം, നേരത്തെ നിശ്ചയിച്ചുറപ്പിച്ച പാഠഭാഗങ്ങൾ അതേപടി പഠിച്ചുവെച്ച് ഛർദിക്കുക മാത്രമാണ് ചെയ്യാനുള്ളത്. അതാകട്ടെ, തർക്കരഹിതമായ വസ്തുതകളോ ഗവേഷണങ്ങളിൽനിന്ന് ഉരുത്തിരിയുന്ന ആശയങ്ങളോ അല്ല. വെറും രാഷ്ട്രീയ പ്രസംഗങ്ങൾ മാത്രമാണ്. വിദ്യാർഥികളുടെ ബോധമണ്ഡലത്തിലേക്ക് രാഷ്ട്രീയ ആശയങ്ങൾ അടിച്ചുകയറ്റാനുള്ള ബോധപൂർവമായ ശ്രമം മാത്രം. നമ്മുടെ പാഠപുസ്തകങ്ങളെ ഇപ്രകാരം ദുരുപയോഗം ചെയ്യാമോ?


നോട്ടുനിരോധം നടപ്പാക്കിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിന്റെ ഗുണഫലങ്ങളും തിക്തഫലങ്ങളും നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ ഏറ്റവും അടിയന്തര ഫലമായി നാം കാണുന്നത് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയാണ്. ജി.ഡി.പിയിലും സാമ്പത്തിക വളർച്ചയിലും ഇന്ത്യ നേരിട്ട തിരിച്ചടി ലോകം തന്നെ ഇന്ന് ചർച്ച ചെയ്യുന്നു. ഇതെല്ലാം മറച്ചുവെച്ച് നോട്ടുനിരോധമുണ്ടാക്കിയ നേട്ടങ്ങളാണ് പ്ലസ് ടു വിദ്യാർഥികൾ മനപ്പാഠമാക്കുന്നത്. 


എന്തൊക്കെയാണ് ആ നേട്ടങ്ങൾ? ഒന്നാമതായി പറയുന്നത് നോട്ടുനിരോധം കള്ളപ്പണമില്ലാതാക്കിയെന്നാണ്. രാജ്യത്തെ വിദ്യാർഥികൾ പത്രമാധ്യമങ്ങൾ കാണാത്തവരാണോ. അടിസ്ഥാനരഹിതമായ സർക്കാർ അവകാശവാദങ്ങളെ വസ്തുതകളെന്ന നിലയിൽ പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവെച്ചിരിക്കുകയാണ്. എത്ര കോടിയുടെ കള്ളപ്പണമാണ് സർക്കാർ നോട്ടുനിരോധത്തിലൂടെ കണ്ടെടുത്തത്. രാജ്യത്തെ ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകളും റിസർവ് ബാങ്ക് അച്ചടിച്ച നോട്ടുകളും ഏതാണ്ട് തുല്യമാണെന്നും വളരെ ചെറിയൊരു ശതമാനം നോട്ടുകൾ മാത്രമാണ് തിരിച്ചെത്താതിരുന്നതെന്നുമാണ് റിസർവ് ബാങ്ക് തന്നെ പറയുന്നത്. അപ്പോൾ ഈ അവകാശവാദത്തിന്റെ ഉറവിടമേതാണ്?


ബാങ്കുകളിലേക്ക് പണമൊഴുക്കിയെന്നും അതിലൂടെ ബാങ്കുകളുടെ ക്രയവിക്രയ ശേഷി ഉയർത്തിയെന്നതുമാണ് മറ്റൊരു അവകാശവാദം. ബാങ്കുകളിലേക്ക് പണമൊഴുകി എന്നത് ശരിയാണ്. എന്നാൽ അത് സാധാരണക്കാരന് ഉപയോഗപ്പെടുംവിധം വിനിയോഗിക്കാൻ ബാങ്കുകൾ തയാറായോ. അധ്വാനിച്ചുണ്ടാക്കുന്ന പണം ബാങ്കുകളിൽ നിക്ഷേപിക്കുകയും പിന്നീടത് തിരിച്ചുകിട്ടാൻ പൊരിവെയിലത്ത് ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയും ചെയ്യേണ്ട ഗതികേടിലാണ് വാസ്തവത്തിൽ സാധാരണക്കാരൻ എത്തിയത്. പൗരന്റെ പണം കൈക്കലാക്കി, അതുപയോഗിച്ച് അവനെ കീഴെയൊതുക്കാൻ ബാങ്കുകളെ സഹായിക്കുകയാണ് നോട്ടുനിരോധം ചെയ്തത്. സാധാരണക്കാർക്ക് മുന്നിൽ ബാങ്കുകളെ അധീക ശക്തിയാക്കി മാറ്റുകയും വിജയ് മല്യമാർക്കും നീരവ് മോഡിമാർക്കും കോടികളുമായി രാജ്യം വിടാൻ അവസരമൊരുക്കുകയുമാണ് നമ്മുടെ സാമ്പത്തിക നയം ചെയ്തത്. 


കാഷ്‌ലസ് എക്കണോമി, ഡിജിറ്റൽ എക്കണോമി തുടങ്ങിയവയാണ് മറ്റു നേട്ടങ്ങളായി ഉയർത്തിക്കാണിക്കുന്നത്. ഇതിന്റെയൊക്കെ യാഥാർഥ്യം ഈ രാജ്യത്ത് ദുരിതമനുഭവിച്ച് ജീവിക്കുന്ന സാധാരണക്കാരോട് വിശദീകരിക്കണ്ടതില്ല. നികുതി വരുമാനം ഉയർത്തി, റിയൽ എസ്റ്റേറ്റ് ബിസിനസിന് തടയിട്ടു, അഴിമതി നിയന്ത്രിച്ചു തുടങ്ങിയ നേട്ടങ്ങളും പാഠപുസ്തകത്തിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ഇവയോരോന്നിന്റെയും യഥാർഥ വസ്തുതകൾ വിവരിച്ചുനൽകാൻ അധ്യാപകർ തുനിഞ്ഞിറങ്ങിയാൽ സർക്കാർ നാണംകെടുകയാണ് ചെയ്യുക എന്ന് മാത്രമേ പറയാനുള്ളൂ.


2014 ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനെക്കുറിച്ചും ഇത്തരം വ്യാജമായ അവകാശവാദങ്ങളാണ് വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അന്നുവരെ നിലനിന്ന ജാതി, മതങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയത്തിൽനിന്നു ചുവടുമാറി വികസനത്തിന്റെ രാഷ്ട്രീയത്തിലേക്ക് ജനം ചുവടുവെച്ചു എന്നൊക്കെയാണ് എഴുതിവിട്ടിരിക്കുന്നത്. ജനങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം വംശീയമായി ധ്രുവീകരിക്കുകയും വർഗീയമായി വിഭജിക്കുകയും ചെയ്ത ഒരു സർക്കാരാണ് ഇത് വിളമ്പുന്നതെന്നോർക്കണം. സബ്‌കേ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിലൂന്നി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ച വിവരണവുമുണ്ട്. ഇതെല്ലാം പഠിക്കാനും പഠിപ്പിക്കാനും നമ്മുടെ വിദ്യാർഥികളും അധ്യാപകരും ക്ലാസ് മുറികളിൽ എന്തുമാത്രം കഷ്ടപ്പെടുമെന്നോർക്കുമ്പോൾ ദയനീയതയാണ് തോന്നുന്നത്.
പാഠപുസ്തകങ്ങളിൽ മലിനമായ രാഷ്ട്രീയ ചിന്തകളേയും അവകാശവാദങ്ങളേയും തിരുകിക്കയറ്റി ഒരു തലമുറയെത്തന്നെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുന്നത് അത്ഭുതകരം തന്നെ. 

Latest News