Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേതൃത്വം പദവിയല്ല, പ്രവർത്തനമാണ്    

നേതൃത്വം ഒരു പദവിയല്ല; പ്രവർത്തനമാണ് എന്ന് നിർവചിച്ചത് ഡൊണാൾഡ് എച്ച്. മഗ്‌നൻ എന്ന ചിന്തകനാണ്. തെരഞ്ഞെടുപ്പു വേളയിൽ ഈ ചിന്തക്ക് പ്രസക്തിയുണ്ട്.  വിവിധ രാഷ്ട്രീയ കക്ഷികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിലും സ്വതന്ത്രരായും മത്സരിക്കുന്നവരുണ്ട്. ബഹുമാനിക്കപ്പെടുന്ന പദവികളിൽ എത്തിച്ചേരാനുള്ള ആഗ്രഹം നല്ലതു തന്നെ. പക്ഷേ, നേതാക്കളായി തെരഞ്ഞെടുക്കപ്പെടാനാഗ്രഹിക്കുന്നവർ എന്താണ് നേതൃത്വമെന്നും നേതാവ് ആരായിരിക്കണമെന്നുമുള്ള അവബോധം ഉൾക്കൊള്ളേണ്ട തുണ്ട്. സ്ഥാനപ്പേരുകൾക്കപ്പുറം വളരാത്തവർ സ്ഥാനം ഒഴിയുമ്പോൾ അപ്രസക്തരാകും. പദവികളുടെ ഊടും പാവും താൽക്കാലികം മാത്രമാണ്. ഒരു സ്ഥാനത്തിന്റെ വലിപ്പത്തേക്കാൾ ആ സ്ഥാനത്തിരിക്കുന്നവരുടെ സ്വഭാവ മഹിമയും പ്രവർത്തനത്തനിമയുമാണ് ആളുകളെ ആകർഷിക്കുന്നത്. അങ്ങനെയുള്ളവർ സ്ഥാനം ഒഴിഞ്ഞാലും ജനഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിക്കും. പദവികൾ നൽകുന്ന ആദരം പൊരുമാറ്റച്ചട്ടങ്ങളുടെ പേരിലും വ്യക്തികൾക്കു ലഭിക്കുന്ന ആദരം പ്രവർത്തന വൈശിഷ്ട്യത്തിന്റെ പേരിലുമായിരിക്കും. 
    സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിർവഹിക്കുന്നതിനും നയിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനുമുള്ള നൈസർഗികമോ ആർജിതമോ ആയ കഴിവാണ് നേതൃത്വം. വീക്ഷണ ങ്ങളും ദർശനങ്ങളും ഒരു പകുതിയിലും മറുപകുതിയിൽ കൃത്യമായ നിർവഹണവും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കാഴ്ചപ്പാടുകളെയും ദർശനങ്ങളെയും യാഥാർത്ഥ്യമാക്കിത്തീർക്കലാണ് നേതൃത്വം എന്ന് വിവക്ഷിക്കുന്നത്. 


ആശയ തലത്തെ അനുഭവ തലങ്ങളിൽ പ്രായോഗികമായി എത്തിക്കാനാകണം. 'മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവാണ് നേതൃത്വത്തിന്റെ വൈഭവമെന്ന്'' ജവാഹർലാൽ നെഹ്‌റു പറഞ്ഞിട്ടുണ്ട്. കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും പേര് ഓർത്തിരിക്കാനും പേര് ചൊല്ലി വിളിക്കാനും കഴിഞ്ഞാൽ വളരെ നല്ലത്. നിതാന്ത സ്വാധീനം ചെലുത്താൻ കഴിയുകയെന്നത് നേതൃത്വത്തിൽ നിർണായകമാണ്. നേതൃത്വം ഒരു കലയാണ്. വ്യക്തിബന്ധങ്ങളെ വ്യത്യസ്തതയോടെ ആകർഷിച്ചു കൂടെ നിർത്താൻ കഴിയുന്ന കല. ചുരുക്കത്തിൽ ഒരു പൊതുലക്ഷ്യത്തിന്റെ പ്രാപ്തിക്കായി തന്റെ സഹപ്രവർത്തകരുടെയും അനുയായികളുടെയും സ്‌നേഹവും സഹകരണവും വിശ്വാസവും വിധേയത്വവും ആദരവുമാർജിച്ച് അവരിൽ സ്വാധീനം ചെലുത്തി നിയന്ത്രിച്ച് നയിക്കാൻ കഴിയുകയെന്നതാണ് നേതൃത്വം. 
    വഴി അറിയുകയും വഴി കാണിച്ചുകൊടുക്കുകയും ആ വഴിയിലൂടെ നടക്കുകയും ചെയ്യുന്ന വ്യക്തിയാകണം നേതാവ്. സ്വയം അറിയുകയും മെച്ചപ്പെടുത്തുകയും വേണം. ഉത്തരവാദിത്തവും ചുമതലയും പിഴവുകൾ കൂടാതെ നിർവഹിക്കാനാകണം. ജനങ്ങളുമായി നിരന്തര സമ്പർക്കം, ആശയവിനിമയം, കുശലാന്വേഷണം എന്നിവ നടത്തണം. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ അവരോടൊപ്പം നിന്ന് പ്രശ്‌നപരിഹാരം കണ്ടെത്തണം. നിഷ്പക്ഷതയോടെ പ്രവർത്തിക്കണം. 


യാതൊരുവിധ വിവേചനവും പാടില്ല. ഇതെല്ലാം നേതൃത്വത്തിന്റെ ഗുണ സവിശേഷതയാണ്. സ്വയം വിലയിരുത്തി, തിരുത്തേണ്ടിടത്ത് തിരുത്തിയാകണം മുന്നേറേണ്ടത്. സ്വഭാവ മഹിമയോടൊപ്പം പ്രാപ്തിയും കാര്യക്ഷമതയും പ്രധാനമാണ്. കാര്യക്ഷമത ചില ഗുണങ്ങളുടെ സമന്വയമാണ്. ചുറ്റുമുള്ള കാര്യങ്ങൾ സൂക്ഷ്മതയോടെ അറിയുക, വിലയിരുത്തുക, വസ്തുതകളുടെ വിശദാംശങ്ങളിൽ ശ്രദ്ധ പതിയുക, ഭാവനാ ശക്തിയുണ്ടാവുക, മായാത്ത ഓർമ ശക്തി കൈവരിക്കുക, ക്ഷണത്തിൽ തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും കഴിയുക. ഇവയെല്ലാം ചേരുന്നതാണ് കാര്യക്ഷമത. ഇവ സ്വായത്തമാക്കണം. നിസ്വാർത്ഥത, സത്യസന്ധത, അർപ്പണ ബോധം, സദാചാര തീക്ഷ്ണത, നീതിബോധം, നിഷ്പക്ഷത, വ്യക്തി സ്വാതന്ത്ര്യം, ആത്മാർത്ഥത എന്നിവ പ്രവൃത്തികളിൽ ഉണ്ടാകണം. വാക്കിനേക്കാൾ പ്രധാനം പ്രവൃത്തിയാണെന്ന് മറക്കരുത്. 


    മദ്യം, മയക്കുമരുന്ന്, അസാന്മാർഗിക പ്രവൃത്തികൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അഴിമതി, സ്വജനപക്ഷപാതം, ക്രിമിനൽ കേസുകൾ എന്നിവയെല്ലാം നേതാക്കളുടെ വിശ്വാസ്യതക്കും മേന്മക്കും കളങ്കമാകും. ജനങ്ങളിൽ നിന്ന് അകറ്റും. നേതാവ് മാതൃകയാകണം. ചില മൂല്യദർശനങ്ങളും ധാർമികതയും നേതാവിന് മുതൽക്കൂട്ടായി എപ്പോഴും ഉണ്ടാകണം. പൊതുജീവിതം ഒരു തുറന്ന പുസ്തകം പോലെ ആകണം. പൊതുജന ക്ഷേമമാകണം മുഖ്യ അജണ്ട. വ്യക്തിപരമായ താൽപര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ തന്റെ പൊതു പ്രവർത്തനത്തിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്. ഒരാൾക്കും ചോദ്യം ചെയ്യാൻ ആകാത്ത വിധത്തിലായിരിക്കണം നേതാവ് പെരുമാറേണ്ടത്. ഗാന്ധിജി പറഞ്ഞുവെച്ച ഏഴ് തിന്മകൾ ഇവിടെ പ്രസക്തമാണ് (1) ജോലി ചെയ്യാതെയുള്ള സമ്പാദനം (2) മനഃസ്സാക്ഷിയില്ലാത്ത സുഖം (3) സ്വഭാവ ശുദ്ധിയില്ലാത്ത അറിവ് (4) ധാർമികത ഇല്ലാത്ത കച്ചവടം (5) മനുഷ്യത്വമില്ലാത്ത ശാസ്ത്രം (6) ഹൃദയം ഉയർത്താതെയുള്ള പ്രാർത്ഥന (7) തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം. ഈ ഏഴ് ദോഷങ്ങളിൽ നിന്നും നേതാവ് മുക്തനാകണം. ആർദ്രതയാൽ ജ്വലിക്കുന്ന സ്‌നേഹത്തോടും സേവനത്തോടും കൂടി ജീവിതം തന്നെ സന്ദേശമാക്കി മുന്നേറിയാൽ എന്നും സ്മരിക്കപ്പെടും; വിജയിയാകും.  

Latest News