Sorry, you need to enable JavaScript to visit this website.

കോവിഡ് നീങ്ങിയാൽ വാറ്റ് വർധന പുനഃപരിശോധിക്കും -മന്ത്രി

വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി റിയാദിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. 

റിയാദ് - മൂല്യവർധിത നികുതി അഞ്ചിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തിയ തീരുമാനം കൊറോണ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അവസാനിച്ച ശേഷം പുനഃപരിശോധിക്കുമെന്ന് വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയാ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി പറഞ്ഞു. മൂല്യവർധിത നികുതി ഉയർത്താനുള്ള തീരുമാനം വേദനാജനകമായിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
സർക്കാർ ജീവനക്കാരുടെ വേതനയിനത്തിൽ പ്രതിവർഷം 50,000 കോടി റിയാലാണ് ചെലവവഴിക്കുന്നത്. കഴിഞ്ഞ വർഷത്തെ എണ്ണ വരുമാനം സർക്കാർ ജീവനക്കാരുടെ വേതന വിതരണത്തിനു പോലും തികഞ്ഞില്ല. പെട്രോളിതര വരുമാനമാണ് പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചത്. 
സർക്കാർ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നതിനു പകരം മൂല്യവർധിത നികുതി ഉയർത്തുകയെന്ന മാർഗം സർക്കാർ സ്വീകരിക്കുകയായിരുന്നു. കൊറോണ പ്രതിസന്ധി നിയന്ത്രിക്കുന്ന കാര്യത്തിൽ നിരവധി രാജ്യങ്ങൾക്ക് മുന്നിലെത്താൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. 
ഇതിനായി കാലേക്കൂട്ടി തയാറെടുപ്പുകൾ നടത്തിയിരുന്നു. കൊറോണ വാക്‌സിൻ ലഭിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദി അറേബ്യ. ഇക്കാര്യത്തിൽ സൗദി അറേബ്യ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. കൊറോണയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ നിയന്ത്രണ വിധേയമാക്കുന്ന കാര്യത്തിൽ വിജയിച്ച ലോകത്തെ ഏറ്റവും മികച്ച പത്തു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും അദ്ദേഹം പറഞ്ഞു. 
കൊറോണ രോഗികളുടെ ചികിത്സക്ക് നാലു മാസത്തിനിടെ 4000 കിടക്കകൾ പുതുതായി ഉൾപ്പെടുത്തി ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി ഉയർത്തി. തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി 60 ശതമാനം തോതിലാണ് ഉയർത്തിയത്. കൊറോണബാധ സംശയിച്ച് 90 ലക്ഷത്തിലേറെ ടെസ്റ്റുകൾ നടത്തി. 1.2 കോടി മെഡിക്കൽ കൺസൾട്ടേഷനുകളും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
 

Latest News