ന്യൂദൽഹി- മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്ത കേസ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സിദ്ദീഖ് കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി നൽകി. വക്കാലത്ത് ഒപ്പിടുന്നതിൽ എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചു. ഹാഥ്‌റസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദീഖിന്റെ കൂടെ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടായിരുന്നു. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതായി ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ജാതി ഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകർക്കാനുമാണ് സിദ്ദിഖ് കാപ്പനും ക്യാമ്പസ് ഫ്രണ്ടിന്റെ മൂന്ന് പ്രവർത്തകരും ഹാഥ്‌റസ് സന്ദർശിക്കാൻ പോയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും യു.പി. സർക്കാർ ആരോപിക്കുന്നു.
പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ. കാപ്പൻ ജോലി ചെയ്തിരുന്ന തേജസ് ദിനപത്രം 2018ൽ അടച്ചു പൂട്ടിയതാണ്. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനയാണ് ഹാഥ്‌റസ് സന്ദർശിക്കാൻ പോയത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. തെളിവെടുപ്പിന് ദൽഹിയിൽ കൊണ്ട് വന്നപ്പോൾ തെറ്റായ വിലാസമാണ് നൽകിയത് എന്നും സത്യവാങ്മൂലത്തിൽ യു.പി പോലീസ് ആരോപിച്ചു.
അറസ്റ്റിന് ശേഷം സിദ്ദിഖ് കാപ്പന് കുടുംബവുമായി സംസാരിക്കാനോ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനോ അനുമതി ലഭിച്ചില്ലെന്ന വാദം തെറ്റാണെന്ന് സത്യവാങ് മൂലത്തിൽ യു.പി. സർക്കാർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന് ശേഷം സിദ്ദിഖ് കാപ്പൻ മൂന്ന് തവണ കുടുംബവുമായി സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ അമ്മയുമായാണ് സംസാരിച്ചത്. കോടതിയുടെ അനുമതിയോടെ ഒരു തവണ അഭിഭാഷകനുമായും സംസാരിച്ചു. എന്നാൽ പിന്നീട് കുടുംബവുമായോ അഭിഭാഷകരുമായോ സംസാരിക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കി.
കേസിന്റെ ആവശ്യങ്ങൾക്കായി സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകരെ ഇന്ന് തന്നെ അനുവദിക്കാം എന്ന് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഉത്തർ പ്രദേശ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കേരള പത്രപ്രവർത്തക യൂണിയന് ഒരാഴ്ചത്തെ സമയം അനുവദിച്ചു.






