ലഖ്‌നൗ-കശ്മീരിലെ ഗുപ്കര്‍ സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഗുപ്കര്‍ സഖ്യം.
സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് ഇരട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് ദേശസുരക്ഷക്ക് ഭീഷണിയാണെന്നും ആദിത്യനാഥ് പറഞ്ഞു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക അവകാശങ്ങളും തിരികെ നല്‍കണമെന്നാണ് ഗുപ്കര്‍ പ്രഖ്യാപനത്തിനു പിന്നാലെ എഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ സഖ്യം ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് എപ്പോഴും വിഘടനവാദികളെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂവെന്നും കശ്മീരില്‍ അത് ഒരിക്കല്‍ കൂടി പ്രകടമായിരിക്കയാണെന്നും യു.പി മുഖ്യമന്ത്രി ആരോപിച്ചു. കശ്മീരിലെ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നേതാക്കളേയും സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.






