പട്ന- ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം പുതിയ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. മെവലാല്‍ ചൗധരിയുടെ രാജി സ്വീകരിച്ച ഗവര്‍ണര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കെട്ടിട നിര്‍മാണ വകുപ്പ് മന്ത്രി അശോക് ചൗധരിക്ക് നല്കി.
മന്ത്രിയുടെ കളങ്കിത പാരമ്പര്യവും അഴിമതിക്കേസും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തു വന്നതോടെയാണ് മന്ത്രി രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. മുംഗര്‍ ജില്ലയിലെ താരാപുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടു തവണ ജെ.ഡി.യു എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട മെവലാല്‍ ചൗധരിക്ക് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയിരുന്നത്.
നേരത്തെ ഭഗല്‍പുരിലെ ബിഹാര്‍ അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്നപ്പോഴാണ് അഴിമതി ആരോപണം നേരിട്ടത്. 2012-13 ല്‍ 167 അസിസ്റ്റന്റ് കം ജൂനിയര്‍ സയന്റിസ്റ്റ് നിയമനത്തില്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. സബൗര് പോലീസ് സ്റ്റേഷനില്‍ ചൗധരിക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഏതാനും പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൗധരിക്കെതിരായ കുറ്റപത്രം ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല.
കെട്ടിച്ചമച്ച കേസാണെന്നും തനിക്കെതിരെ ഇതുവരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നുമാണ് ചൗധരി കഴിഞ്ഞ ദിവസം വാര്‍ത്താ ലേഖകരോട് പറഞ്ഞത്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച നിതീഷ് കുമാറിനെതിരെ കോണ്‍ഗ്രസും ആര്.ജെ.ഡിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നത്.