കറാച്ചി ബേക്കറിയുടെ പേര് മാറ്റിയില്ലെങ്കില്‍ വിവരമറിയും- ശിവസേന 

മുംബൈ-പുള്ളിപ്പുലിയ്ക്ക് സഫാരി സ്യൂട്ട് തയ്ച്ചു കൊടുത്താലും അതിന്റെ സ്വഭാവത്തിന് മാറ്റം വരില്ലെന്നാണ് അനുഭവം. മഹാരാഷ്ട്രയില്‍ മതേതര കക്ഷികളായ കോണ്‍ഗ്രസ്-എന്‍.സിപി കക്ഷികള്‍ക്കൊപ്പമാണ് ശിവസേന ഭരിക്കുന്നത്. എന്നിട്ടും പഴയ  ശീലങ്ങള്‍ അറിയാതെ തികട്ടി വരുന്നു. 
ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കര്‍ മുംബൈ ബാന്ദ്രയിലെ ബേക്കറി ഉടമയോട് പാക്കിസ്ഥാനി  പേരായ കറാച്ചിക്ക് പകരം മറാത്തി പേര് നല്‍കണമെന്നാണ്  ആവശ്യപ്പെട്ടത്. ശിവസേന നേതാവ്  ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍  പ്രചരിച്ചിക്കുന്നുണ്ട്.  ഭീഷണിയെതുടര്‍ന്ന് കടയുടമ കടയുടെ പേര് പേപ്പര്‍കൊണ്ട് മറച്ചിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ നിങ്ങള്‍ക്ക് സമയം നല്‍കുന്നു. മറാത്തിയിലേക്ക് പേര് മാറ്റുക. രണ്ടാഴ്ചക്കകം  പറഞ്ഞ മാറ്റങ്ങള്‍ വരുത്തണമെന്നും  വീഡിയോയില്‍ നിഥിന്‍ ഉടമയോട് പറയുന്നുണ്ട്. 'നിങ്ങളുടെ പൂര്‍വികര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. നിങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ കറാച്ചി എന്ന പേര് ഞാന്‍ വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് പാക്കിസ്ഥാനിലെ കറാച്ചി. ഇന്ത്യയിലാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിങ്ങള്‍ അതുകൊണ്ട് കടയുടെ പേര് മാറ്റണം. നിങ്ങളുടെ പൂര്‍വികരുടെ പേര് നല്‍കാം. ഞങ്ങള്‍ അതിനെ ബഹുമാനിക്കും. കച്ചവടത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞാന്‍ നിങ്ങള്‍ക്ക് സമയം അനുവദിക്കാം. മറാത്തിയിലുള്ള എന്തെങ്കിലും പേര് നല്‍കൂ.' നിഥിന്‍ നന്ദഗാവ്കര്‍  കടയുടമയോട് നയം വ്യക്തമാക്കി. 
 

Latest News