Sorry, you need to enable JavaScript to visit this website.

റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ നടക്കുന്നത്  ആസൂത്രിത മനുഷ്യാവകാശ ലംഘനം -സൗദി

അബ്ദുല്ല അൽമുഅല്ലിമി

റിയാദ് - റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്നും ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകൾ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്യാൻ ഇത് കാരണമായെന്നും യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. റോഹിംഗ്യൻ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രമേയത്തിൽ യു.എന്നിൽ നടന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1978 മുതൽ റോഹിംഗ്യൻ മുസ്‌ലിംകൾ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരായി വരികയാണ്. 2017 ഓഗസ്റ്റ് മുതൽ പത്തു ലക്ഷത്തിലേറെ റോഹിംഗ്യൻ മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും മ്യാന്മറിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഭൂരിഭാഗവും ബംഗ്ലാദേശിലേക്കാണ് രക്ഷപ്പെട്ടത്. ഇതിൽ ലക്ഷണക്കണക്കിനാളുകൾ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. 
ദുർബലരായ ഈ വിഭാഗങ്ങളെ മ്യാന്മർ ഭരണകൂടം നിർബന്ധിത നാടുകടത്തലിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയരാക്കുകയാണ്. ഇതിന് അറുതിയുണ്ടാക്കാൻ ആഗോള സമൂഹത്തിനും ഐക്യരാഷ്ട്ര സഭക്കും ഇപ്പോഴും കഴിയുന്നില്ല. 


കോവിഡ്19 വ്യാപനത്തെ തുടർന്ന് റോഹിംഗ്യൻ മുസ്‌ലിംകളുടെ സ്ഥിതിഗതികൾ കൂടുതൽ അപകടകരമായിട്ടുണ്ട്. അഭയാർഥി ക്യാമ്പുകളിലെ ഉയർന്ന ജനസാന്ദ്രത അതിവേഗത്തിലുള്ള കൊറോണ വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ ക്യാമ്പുകളിൽ ശാരീരിക അകലവും ഐസൊലേഷനും പാലിക്കൽ വലിയ വെല്ലുവിളിയാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് കോവിഡ്19 നെ കുറിച്ച അറിവില്ലായ്മയും ജല, മലിനജല സേവനങ്ങളുടെയും ജല ദൗർലഭ്യവും ശുചിത്വമില്ലായ്മയും വെല്ലുവിളികളാണ്. റോഹിംഗ്യൻ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും ഇടയിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നത് തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മാസ്‌ക് ധാരണവും ഐസൊലേഷനും അഭയാർഥികൾ കാര്യമായി പാലിക്കുന്നില്ല. 
മ്യാന്മറിൽ അരങ്ങേറിയ കുറ്റകൃത്യങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികളോട് കണക്കു ചോദിക്കുന്നതിന് സത്വരവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് വസ്തുതാന്വേഷണ സംഘം സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിൽ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതായി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. റോഹിംഗ്യൻ മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷിതവും സുസ്ഥിരവും മാന്യവുമായ തിരിച്ചവരവിനും സമൂഹത്തിൽ അവരെ വീണ്ടും ലയിപ്പിക്കുന്നതിനും ശക്തമായ നടപടികളുടെ പിന്തുണയോടെ വ്യക്തമായ രാഷ്ട്രീയ ഇഛാശക്തി മ്യാന്മർ ഗവൺമെന്റ് പ്രകടിപ്പിക്കണം. രാഖീൻ, ചിൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും സംഘർഷവും സാധാരണക്കാരുടെ നിർബന്ധിത നാടുകടത്തലും കുട്ടികളെ സംഘർഷത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതും തട്ടിക്കൊണ്ടുപോകലുകളും അന്യായ അറസ്റ്റുകളും കൊലപാതകങ്ങളും സൈനിക ലക്ഷ്യങ്ങൾക്ക് സ്‌കൂളുകൾ ഉപയോഗിക്കുന്നതും തുടരുകയാണ്. മറ്റു മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്നു. 


മുഴുവൻ അഭയാർഥികളുടെയും നിർബന്ധിത നാടുകടത്തലിന് വിധേയരായവരുടെയും സ്വമേധയായും സുരക്ഷിതവും സുസ്ഥിരവും മാന്യവുമായ തിരിച്ചുവരവിന് ഈ സാഹചര്യം അനുയോജ്യമല്ല. റോഹിംഗ്യൻ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്കുമെതിരായ വിവേചനത്തിനും പ്രകോപനത്തിനും പരിഹാരം കാണാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തോട് പൂർണമായ ആദരവ് ഉറപ്പാക്കിക്കൊണ്ട് ഈ പ്രവർത്തനങ്ങളെ പരസ്യമായി അപലപിക്കുകയും വിദ്വേഷ ഭാഷണം ചെറുക്കുകയും വേണം. 1982 ലെ പൗരത്വ നിയമം പുനഃപരിശോധിക്കാൻ മ്യാന്മർ ഭരണകൂടത്തോട് ആവശ്യപ്പെടണം. ഈ നിയമമാണ് ന്യൂനപക്ഷങ്ങൾക്ക് ദേശീയ അവകാശങ്ങളും സിവിൽ, രാഷ്ട്രീയ അവകാശങ്ങളും നിഷേധിക്കാൻ ഇടയാക്കിയതെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. 

 

Latest News