Sorry, you need to enable JavaScript to visit this website.

കോൺസുലർ സേവനങ്ങൾ ഇടനിലക്കാരില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും -അംബാസഡർ

സുലൈമാൻ ഊരകം

റിയാദ് - കോൺസുലർ സേവനങ്ങൾ ഇടനിലക്കാരില്ലാതെ എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അറിയിച്ചു. ഇടനിലക്കാരുടെ ചൂഷണത്തിനിരയാവുന്ന സംഭവങ്ങൾ എംബസി ഗൗരവത്തോടെയാണ് കാണുന്നതെന്നും അത് ഒഴിവാക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിച്ചുവരികയാണെന്നും എംബസി കോൺഫറൻസ് ഹാളിൽ റിയാദ് ഇന്ത്യൻ മീഡിയാഫോറം പ്രവർത്തകർക്കായി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ജുബൈലിൽ കഴിഞ്ഞ ദിവസം സ്ഥിരം പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രം നിലവിൽ വന്നത് അതിന്റെ ഭാഗമാണ്. കൂടാതെ വിവിധ പ്രവിശ്യകളിൽ മാസത്തിൽ രണ്ട് തവണ നടത്തിയിരുന്ന കോൺസുലർ സന്ദർശനം ഇപ്പോൾ നാല് തവണയായി ഉയർത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കഴിയുന്ന ഇന്ത്യക്കാരെ നേരിൽ കണ്ട് അവരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് എംബസിയിലെ സഹപ്രവർത്തകരോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. അവിടങ്ങളിൽ കഴിയുന്ന പലർക്കും ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പർ പോലും അറിയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തി. കൂടുതൽ ആളുകളിലേക്ക് എംബസിയുടെ ദൈനംദിന നടപടികൾ എത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങൾ റിയാദിലെ മാധ്യമപ്രവർത്തകരിൽ നിന്നുണ്ടാകണം. പൊതുമാപ്പ് സമയത്തുൾപ്പെടെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ഇന്ത്യക്കാർക്കായി നടപ്പിലാക്കുന്ന സേവനപ്രവർത്തനങ്ങൾ അതാത് സമയത്ത് പരാമാവധി ജനങ്ങളിലെത്തിക്കാൻ ഇന്ത്യൻ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. 

നവംബർ 14 വരെ നീട്ടിയിരിക്കുന്ന പൊതുമാപ്പ് കാലാവധി നിയമലംഘകരായി കഴിയുന്ന മുഴുവൻ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം. മൂന്ന് തവണ നീട്ടിയ പൊതുമാപ്പ് ഇനിയും നീട്ടിക്കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഇതുവരെ 32,896 ഇ.സി ജിദ്ദയിലും റിയാദിലുമായി അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിൽ എത്രപേർ രാജ്യം വിട്ടു എന്ന കണക്ക് ലഭ്യമായിട്ടില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വരാജ്യത്തേക്ക് മടങ്ങിയവരിൽ ഇന്ത്യക്കാരുടെ എണ്ണം മറ്റുള്ളവരിൽ നിന്നും കുറവാണെന്നാണ് അറിയാൻ സാധിച്ചത്. നിയമലംഘകരായി സൗദി അറേബ്യയിലുള്ള ഇന്ത്യക്കാർ കുറവാണെന്ന കാര്യം ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ വഴി വീട്ടുവേലക്കാരികളായി ഇന്ത്യയിൽ നിന്ന് ഇപ്പോഴും സ്ത്രീകൾ എത്തുന്നുണ്ട്. ഇന്ത്യയും സൗദി അറേബ്യയും നിശ്ചയിച്ച നിബന്ധനകൾ പാലിക്കാതെ നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെ സൗദിയിലേക്ക് എത്തുന്ന അവർ പിന്നീട് വഞ്ചിക്കപ്പെടുന്നു. ഒളിച്ചോട്ടമുൾപ്പെടെയുള്ള നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്ക് ഇത് വഴി വെക്കുന്നു. അനധികൃത ഏജൻസികൾ വഴിയുള്ള റിക്രൂട്ട്‌മെന്റ് ഇല്ലാതായാൽ ഇവിടെ ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഏറെക്കുറെ പരിഹാരമുണ്ടാകും. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിന് അറുതി വരുത്താൻ സാധിക്കുകയുള്ളൂ.
സാമൂഹിക വിരുദ്ധരുടെ പിടിച്ചുപറിക്കിരയാകുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ വിദേശകാര്യ മന്ത്രാലയം വഴി ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും അംബാസഡർ അറിയിച്ചു.പിടിച്ചുപറി സംഭവങ്ങൾ അതത് സമയത്ത് പോലീസിൽ അറിയിക്കാൻ മുഴുവൻ പ്രവാസികളും ശ്രദ്ധിക്കണം. 

ജിദ്ദയിൽ കഴിഞ്ഞവാരം നടന്നതു പോലെ സംസ്ഥാനതലത്തിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ എംബസിയും ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ നിയമവശങ്ങൾ പഠിച്ച ശേഷം സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് റിയാദിലും ഇതിനുള്ള വേദിയൊരുക്കും. സന്നദ്ധസേവനം നടത്തുന്ന വളണ്ടിയർമാർക്കിടയിലെ തട്ടിപ്പുകാരെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിൽ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഇത്തരക്കാരെ ഇന്ത്യൻ എംബസിയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ എംബസി ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കുമെന്നും അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യൻ എംബസി സാമൂഹ്യക്ഷേമ വിഭാഗം തലവൻ അനിൽ നോട്ടിയാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

 

Latest News