Sorry, you need to enable JavaScript to visit this website.

മ്യൂസിക് സ്ട്രീമിംഗ് : അറബ് ലോകത്ത് നോട്ടമിട്ട് വൻകിട കമ്പനികൾ 

അറബ് ലോകത്തെ സംഗീതവും ഡിജറ്റൽ കാലഘട്ടത്തിനനുസരിച്ച് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെത്തിക്കാൻ ആഗോള കമ്പനികൾ വരുന്നു. യൂറോപ്പിലേയും അമേരിക്കയിലേയും വിജയത്തിനു പിന്നാലെയാണ് ആഗോള തലത്തിൽ സ്ഥാനമുറപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മിഡിൽ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും കണ്ണുവെക്കുന്നത്. അറബ് ലോകത്തെ യുവാക്കളിൽ വലിയ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് നിലവിൽ യുട്യൂബിനു പുറമെ, സംഗീത മോഷണം പുതുമയല്ലാത്ത മേഖല തേടിയുള്ള കമ്പനികളുടെ വരവ്.
ഡിജിറ്റൽ ഉള്ളടക്കത്തിന് പെയ്‌മെന്റ് വേണ്ടത്ര വിജയിച്ചിട്ടില്ലാത്ത മിഡിൽ ഈസ്റ്റിൽ വലിയ സാധ്യത കാണുന്നുവെന്ന് സ്‌പോട്ടിഫൈ മിഡിൽ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാേനജിംഗ് ഡയറക്ടർ ക്ലോഡിയസ് ബോളർ പറഞ്ഞു. 


കഴിഞ്ഞ വർഷം ആഗോള തലത്തിൽ സ്ട്രീമീംഗ് വരുമാനം 22.9 ശതമാനം വർധിച്ച് 11.4 ബില്യൺ ഡോളറിലെത്തിയിരുന്നു. ആദ്യമായാണ് റെക്കോർഡ് ചെയ്ത സംഗീതത്തിന്റെ പകുതി വ്യാപാരത്തിലെത്തുന്നത്. എന്നാൽ അറബ് പോപ് സംഗീത വ്യാപാരം കഴിഞ്ഞ ദശകത്തിൽ വേണ്ടത്ര വികസിച്ചിട്ടില്ലെന്നാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫോണോഗ്രഫിക് ഇൻഡസ്ട്രിയുടെ കണക്ക്. 


മിഡിൽ ഈസ്റ്റിലെ സംഗീത പ്രതിഭകൾക്ക് തങ്ങളുടെ വേദിയിലൂടെ ആഗോള തലത്തിൽ അവസരമൊരുക്കുമെന്ന് 2018 ൽ മിഡിൽ ഈസ്റ്റിൽ പ്രവർത്തനം ആരംഭിച്ച സ്‌പോട്ടിഫൈ പറയുന്നു. സ്‌പോട്ടിഫൈക്കു പുറമെ, മറ്റു ഡിജിറ്റൽ സ്ട്രീമിംഗ് കമ്പനികളും മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ടു വരികയാണ്. 
ഫ്രഞ്ച് സ്ട്രീമിംഗ് കമ്പനിയായ ഡീസർ നേരത്തെ തന്നെ അറബ് ലോകത്തെ വലിയ കമ്പനിയായ റോട്ടാനായുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. സൗദി ബിസിനസ് പ്രമുഖൻ അൽ വലീദ് ബിൻ തലാൽ രാജകുമാരന്റേതാണ് റോട്ടാന. 
 

Latest News