Sorry, you need to enable JavaScript to visit this website.

ടവറുകളും കേബിളുമില്ലാതെ ഇന്റർനെറ്റ്

  • ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് ഇന്ത്യയിലും വരുന്നു  

സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്.  ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് മിഷൻ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കയാണ്. സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സാങ്കേതിക വിദ്യക്ക് ഇന്ത്യ അനുമതി നൽകണമെന്നാണ് അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്.  
രാജ്യത്തെ ഏത് ഗ്രാമത്തിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. മികച്ച ഇന്റർനെറ്റ് വേഗമാണ് സ്റ്റാർലിങ്ക് അവകാശപ്പെടുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കൾ ഈ അവകാശവാദം ശരിവെക്കുന്നു.  

2021 അവസാനത്തോടെ ഇന്ത്യയിലുടനീളം തുടർച്ചയായ സ്റ്റാർലിങ്ക് കവറേജുകൾക്കായി സാറ്റലൈറ്റുകൾ വിന്യാസിക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് (ട്രായ്) സമർപ്പിച്ച നിർദേശത്തിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം സ്റ്റാർലിങ്ക് പോലുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് അപ്‌ഡേറ്റ് ചെയ്ത നിയമങ്ങൾ, നയങ്ങൾ, നിയന്ത്രണം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ട്രായ്   മറുപടി നൽകിയതായി സ്‌പേസ് എക്‌സ് വൈസ് പ്രസിഡന്റ് പട്രീഷ്യ കൂപ്പർ പറഞ്ഞു. 
സ്‌പേസ് എക്‌സിന്റെ പുതിയ നീക്കം രാജ്യത്തെ ടെലികോം കമ്പനികൾക്ക് വൻ ഭീഷണിയായാണ് വിലയിരുത്തുന്നത്. കാബിളും ടവറുകളും ഇല്ലാതെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങുന്നതോടെ നിലവിലെ ടെലികോം വിപണി തകർച്ചയിലേക്ക് നീങ്ങും.

അമേരിക്കയിൽ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോക്താക്കളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്റർനെറ്റ് സേവനം വളരെ വേഗമുള്ളതാണെന്നാണ് ഉപയോക്താക്കളിൽനിന്നുള്ള റിപ്പോർട്ട്.  
നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ബീറ്റാ ടെസ്റ്റിങ് ലഭ്യമാകുന്നത്. സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സംവിധാനത്തിന് നിലവിൽ 44 ഡിഗ്രി മുതൽ 52 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിൽ മാത്രമേ ഇന്റർനെറ്റ് സേവനം നൽകാൻ കഴിയൂ. സമ്പൂർണ സേവനം ലഭ്യമാക്കാൻ ആയിരം  ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.
 

Latest News