Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

ഹാക്കർമാർക്ക് നല്ല കാലം

  •  അതിവേഗ 5 ജിയും ഇന്റർനെറ്റ് ഉപകരണങ്ങളും സൗഹൃദ ഹാക്കർമാരുടെ ഡിമാന്റ് കൂട്ടി 

ഓൺലൈൻ ഉപകരണങ്ങളും സൂപ്പർഫാസ്റ്റ് 5 ജി കണക്ഷനും വർധിച്ചതോടെ സൈബർ രംഗത്ത് സൗഹൃദ ഹാക്കർമാർക്ക് വൻ ഡിമാൻഡ്. തങ്ങളുടെ സൈബർ സുരക്ഷാ സംവിധാനങ്ങളെ വിജയകരമായി ആക്രമിക്കുന്ന എത്തിക്കൽ ഹാക്കർമാർക്ക് മികച്ച പ്രതിഫലമാണ് പല കമ്പനികളും വാഗ്ദാനം ചെയ്യുന്നത്.
സ്മാർട്ട് ടെലിവിഷനുകളും ഗാർഹിക ഉപകരണങ്ങളും ഉൾപ്പെടുന്ന 'ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്' (ഐഒടി) എന്നറിയപ്പെടുന്ന ഇന്റർനെറ്റ് കണക്റ്റ് ചെയ്ത ഉപകരണങ്ങൾ അതിവേഗം വ്യാപിക്കുകയാണ്. അതിവേഗത വാഗ്ദാനം ചെയ്യുന്ന ഫൈവ്  5 ജി കൂടി ആയതോടെയാണ് ഇത്തരം ഐഒടി ഉപകരണങ്ങളുടെ സ്വീകാര്യത വർധിച്ചത്. ഇതോടൊപ്പം തന്നെ ഭാവിയിൽ ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നായി ഡിജിറ്റൽ സുരക്ഷ മാറുകയും ചെയ്യുന്നു.


ആറ് വർഷം മുമ്പ് വരെ അപകട സാധ്യതകൾ കണ്ടെത്തുന്നതിന് സൗഹൃദ ഹാക്കർമാരുടെ അന്വേഷണം സിലിക്കൺ വാലിയിൽ ഒതുങ്ങിയിരുന്നുവെന്നും അവർ കൂടുതൽ അമേച്വർമാരായിരുന്നുവെന്നുമാണ് കഴിഞ്ഞയാഴ്ച നോക്കിയ ആതിഥേയത്വം വഹിച്ച ഒരു കോൺഫറൻസിൽ ഫ്രണ്ട്‌ലി ഹാക്കറായി പേരുകേട്ട കെറൻ എലസാരി പറഞ്ഞത്. 
എന്നാൽ ഇപ്പോൾ പെന്റഗൺ മുതൽ ഗോൾഡ്മാൻ സാച്ച്‌സ് തുടങ്ങിയ ബാങ്കുകൾക്കു വരെ ബഗ് ബൗണ്ടി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.
എയർലൈൻസ്, ടെക് ഭീമന്മാർ, ആയിരക്കണക്കിന് ചെറുകിട ബിസിനസുകൾക്കു വരെ സാങ്കേതിക സുരക്ഷ ഉറപ്പു വരുത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഏറ്റവും വലിയ ബഗ്ബൗണ്ടി പ്ലാറ്റ്‌ഫോമായ ഹാക്കർ വണിന് കീഴിൽ എട്ട് ലക്ഷം ഹാക്കർമാരുണ്ട്. സ്ഥാപനങ്ങൾ ഈ വർഷം ഇതുവരെ   38.2 ദശലക്ഷം ഡോളറാണ് പാരിതോഷികമായി നൽകിയത്. കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് 87 ശതമാനമാണ് വർധന.


ലണ്ടനിൽ മുഴുവൻ സമയ സുരക്ഷാ എൻജിനീയറെ നിയമിക്കുന്നതിന് ഒരു കമ്പനിക്ക് പ്രതിവർഷം കുറഞ്ഞത് 1,06,000 ഡോളർ  ചെലവാകും. അതേസമയം വൈദഗ്ധ്യത്തിൽ വൈവിധ്യമാർന്ന ലക്ഷക്കണക്കിന് ഹാക്കർമാരുള്ള ആഗോള കമ്യൂണിറ്റിയിലേക്കാണ് തങ്ങൾ കമ്പനികളെ ഉൾപ്പെടുത്തുന്നതെന്ന് ഹാക്കർ വണിലെ സുരക്ഷാ  ആർക്കിടെക്റ്റ് പ്രഷ് സോമയ്യ പറഞ്ഞു.
സൈബർ ഹാക്കർമാരുടെ ഹാക്കിംഗ് ശേഷിയെ ഐഒടി ദാതാക്കൾ ഗൗരവത്തോടെ കണ്ടു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.  ഇന്റർനെറ്റ് കണക്റ്റ് ചെയ്ത കളിപ്പാട്ടങ്ങൾ, തെർമോസ്റ്റാറ്റുകൾ, സ്‌കൂട്ടറുകൾ, കാറുകൾ എന്നിവ ഹാക്കർ വൺ കമ്പനി ഇപ്പോൾ   ഹാക്കർമാർക്ക് കൈമാറി അതിന്റെ സുരക്ഷ തകർക്കാൻ ആവശ്യപ്പെടുകയാണ്. 
കുറ്റവാളികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വളരെ ബുദ്ധിപൂർവകമായ മാർഗങ്ങൾ കണ്ടെത്തുന്നുവെന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നതെന്ന് കെറൻ എലസാരി പറഞ്ഞു.


2016 ലെ 'മിറായ്' സൈബർ ആക്രമണം ശ്രദ്ധേയമായ ഉദാഹരണമാണ്.   പ്രിന്ററുകൾ, വെബ്ക്യാമുകൾ, ടിവി റെക്കോർഡറുകൾ തുടങ്ങിയവയടക്കം  സുരക്ഷിതമല്ലാത്ത മൂന്ന് ലക്ഷത്തോളം ഉപകരണങ്ങളുടെ നിയന്ത്രണമാണ് ആക്രമണത്തിലൂടെ ഹാക്കർമാർ ഏറ്റെടുത്തിരുന്നത്.   ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെയും കമ്പനികളുടെയും സർക്കാരുകളുടെയും വെബ്‌സൈറ്റുകൾ പ്രവർത്തന രഹിതമാക്കാനും അവർക്ക് സാധിച്ചു. 
5 ജി കാലഘട്ടത്തിൽ ഉയർന്ന ബാൻഡ്‌വിഡ്ത്ത് കണക്ഷനുകളുള്ള എല്ലാ ഉപകരണങ്ങളും സുരക്ഷിതമാക്കേണ്ടതുണ്ട്.  കംപ്യൂട്ടറുകൾക്കും ഫോണുകൾക്കും  മാത്രമല്ല എല്ലാ ഉപകരണങ്ങൾക്കും ഇത് ബാധകമാണെന്ന് എലസാരി മുന്നറിയിപ്പ് നൽകുന്നു. 


കഴിഞ്ഞ വർഷം ഐഒടി ഉപകരണങ്ങളിൽ 100 ശതമാനം മാൽവെയർ ആക്രമണം കണ്ടെത്തിയതായി ഒക്ടോബറിൽ നോക്കിയ വ്യക്തമാക്കിയിരുന്നു. ഓരോ പുതിയ ഫൈവ് ജി ആപ്ലിക്കേഷന്റെ വരവും സൈബർ ക്രമിനലുകൾക്ക് പുതിയ അവസരങ്ങളാണ് തുറക്കുന്നതെന്ന് നോക്കിയയുടെ സൈബർ സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. 
സൈബർ സുരക്ഷാ ഭീഷണികൾ ഹാക്കർമാരുടെ പാരിതോഷികങ്ങളിലും വൻ വർധനയാണ് വരുത്തിയിരിക്കുന്നത്. ഹാക്കർ വണിലെ 200 ഹാക്കർമാർ ഇതുവരെ ഒരു ലക്ഷത്തിലേറെ ഡോളർ വീതം സമ്മാനം നേടിക്കഴിഞ്ഞു. ഒമ്പത് പേർ ദശലക്ഷം ഡോളറിലേറെയും നേടി. ആപ്പിൾ അവരുടെ ബഗ് ബൗണ്ടി പരിപാടിയിൽ പാരിതോഷികം പത്ത് ലക്ഷത്തിലേറെ ഡോളറാക്കി കഴിഞ്ഞ വർഷം വർധിപ്പിച്ചിരുന്നു. 
 

Latest News