ആദിവാസി അഭയാര്‍ത്ഥികളെ ചൊല്ലി ത്രിപുരയില്‍ വംശീയ സംഘര്‍ഷം

അഗര്‍ത്തല- മിസോറാമില്‍ നിന്ന് 23 വര്‍ഷം മുമ്പ് ത്രിപുരയില്‍ എത്തിയ ആയിരക്കണക്കിന് ആദിവാസി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം വംശീയ സംഘര്‍ത്തിലേക്ക്. കാഞ്ചന്‍പൂര്‍ മേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ബ്രു അഭയാര്‍ത്ഥികള്‍ ഗോത്രവിഭാഗക്കാരല്ലാത്തവരുടെ 36 വീടുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ആള്‍ക്കൂട്ടം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തി. ബംഗാളി, മിസോ വിഭാഗക്കാരുടെ സംഘടനയായ ജോയിന്റ് മൂവ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ചന്‍പൂരില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഭയാര്‍ത്ഥികളുടെ വരവ് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നാണ് ഇവരുടെ ആരോപണം. 

വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ സായുധ സേനയെ വിന്യസിച്ചു. നിരോധനാജ്ഞ ലംഘിച്ച് പതിനായിരക്കണക്കിന് ആളുകള്‍ ആദിവാസി അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് 1997ല്‍ മിസോറാമില്‍ നിന്ന് ത്രിപുരത്തിയവരാണ് ബ്രു അഭയാര്‍ത്ഥികള്‍ എന്നു വിളിക്കപ്പെടുന്ന റിയാങ് വിഭാഗം. 5400 കൂടുംബങ്ങള്‍ ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നു. ഇവരുടെ പുനരധിവാസത്തിന് കേന്ദ്ര 600 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. ഇവരെ വോട്ടര്‍മാരായും ആദിവാസി അഭയാര്‍ത്ഥികളായും അംഗീകരിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചത്.
 

Latest News