മുംബൈ- വിചാരണ കാത്ത് ജയിലില്‍ കഴിയുന്ന കവി വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. ചട്ടങ്ങള്‍ക്കനുസരിച്ച് വരവരറാവുവിന്റെ കുടുംബത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും അനുവാദമുണ്ട്.
വരവരറാവുവിനെ അടിയന്തരമായി വൈദ്യപരിശോധനക്കു വിധേയനാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാവുവിനെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് തീരുമാനം കൈക്കൊണ്ടത്.