Sorry, you need to enable JavaScript to visit this website.

ന്യൂസീലന്‍ഡ് പോലീസ് ഔദ്യോഗിക യുനിഫോമില്‍ ഇനി ഹിജാബും

വെല്ലിങ്ടന്‍- പോലീസ് സേനയില്‍ ചേരാന്‍ കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂസിലന്‍ഡ് പോലീസ് ഔദ്യോഗിക യുനിഫോമില്‍ ഹിജാബും ഉള്‍പ്പെടുത്തി. രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സേനയെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പോലീസ് വക്താവ് പറഞ്ഞു. ആദ്യമായി ഹിജാബ് അണിഞ്ഞ പോലീസ് ഉദ്യോഗസ്ഥ സീന അലിയുടെ ചിത്രവും സേന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 2018 മുതലാണ് ഹിജാബ് പോലീസ് യൂനിഫോമില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചത്. സേനയില്‍ ജോലി ലഭിച്ച കോണ്‍സ്റ്റബ്ള്‍ സീന അലിയാണ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചതും. തുടര്‍ന്ന് ഇവരുടെ കൂടി നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഹിജാബ്് രൂപകല്‍പ്പന ചെയ്തത്. ഫിജിയില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് സീന അലി. ക്രൈസ്റ്റ്ചര്‍ച്ച് പള്ളിയിലെ ഭീകരാക്രമണത്തിനു ശേഷമാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പോലീസില്‍ കൂടുതല്‍ മുസ്‌ലിം സ്ത്രീകളുടെ ആവശ്യമുണ്ടെന്ന തിരിച്ചറിവാണ് പ്രേരണയായതെന്നും സീന അലി ന്യൂസീലന്‍ഡ് ഹെരള്‍ഡ് പത്രത്തോട് പറഞ്ഞു. ന്യൂസീലന്‍ഡ് പോലീസ് ഹിജാബ് യുനിഫോമില്‍ ആളുകള്‍ കാണുമ്പോള്‍ അത് കൂടുതല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സേനയില്‍ ചേരാനുള്ള പ്രേരണയാകുമെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടനില്‍ ലണ്ടന്‍ മെട്രൊപൊളിറ്റന്‍ പോലീസിലും പോലീസ് സ്‌കോട്‌ലന്‍ഡിലും ഹിജാബ് യൂനിഫോമുണ്ട്. ഓസ്‌ട്രേലിയയില്‍ വിക്ടോറിയ പോലീസിലും ഒരു ഉദ്യോഗസ്ഥ ഹിജാബ് അണിഞ്ഞിട്ടുണ്ട്.
 

Latest News