കാണ്‍പൂര്‍- കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ മൃതദേഹത്തില്‍നിന്ന് ശ്വാസകോശം നീക്കം ചെയ്തിരുന്നതായി പോലീസ്.
ഉത്തര്‍പ്രദേശില്‍ വിജന പ്രദേശത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ദീപാവലി ദിവസം ഘതംപൂര്‍ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. മന്ത്രവാദത്തിനുവേണ്ടിയാണ് ഘാതകര്‍ കുട്ടിയുടെ ശ്വാസകോശം കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ശ്വാസകോശം ഉപയോഗിച്ചുള്ള മന്ത്രവാദത്തിലൂടെ പ്രസവിക്കാത്ത സ്ത്രീകളെ പ്രസവിപ്പിക്കാനാകുമെന്ന് മന്ത്രവാദികള്‍ അവകാശപ്പെടാറുണ്ട്.
ശ്വാസകോശം നീക്കം ചെയ്ത് മുഖ്യസൂത്രധാരനായ പരശുറാം കുരിലിനു കൈമാറിയതായി അറസ്റ്റിലായ അങ്കുല്‍ കുറില്‍ (20)ബീരന്‍ (31) എന്നിവര്‍ സമ്മതിച്ചു. പരശുറാമും ഭാര്യയും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞിട്ടും ആരോടും പറയാത്തതിനാലാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.
1999ല്‍ വിവാഹിതനായ തനിക്ക് കുഞ്ഞുണ്ടാകാത്തതിനാലണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ശ്വാസകോശം കൊണ്ടുവരാന്‍ മരുമകന്‍ അങ്കിലിനേയും അവന്റെ കൂട്ടുകാരന്‍ ബീരനേയും ചുമതലപ്പെടുത്തിയതെന്ന് പരശുറാം ചോദ്യം ചെയ്യലില്‍ പറഞ്ഞു.






