Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയും ഇടത്-കോണ്‍ഗ്രസ് സഖ്യവും പുതിയ തന്ത്രങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളെ ചൊല്ലി തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു. നിരവധി തൃണമൂല്‍ എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും പ്രശാന്തിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയെ കാണാനുള്ള പ്രശാന്തിന്റെ ശ്രമം കഴിഞ്ഞയാഴ്ച പരാജയപ്പെട്ടതോടെയാണ് പ്രശാന്തിനെതിരായ പലരും പരസ്യമായി പ്രതികരിച്ചു തുടങ്ങിയത്. 

ബിജെപിയുടെ ദേശീയ നേതാക്കള്‍ തുടര്‍ച്ചായായി നേരിട്ടെത്തി ബംഗാളിലെ തെരഞ്ഞെടുപ്പിന് സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയും ഒരു കേന്ദ്ര നേതാവിനു കീഴിലാക്കിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. മൂന്നിലൊന്ന് ഭൂരിപക്ഷം നേടി അധികാരം പിടിക്കുമെന്ന് ബിജെപി ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. കേന്ദ്ര മന്ത്രി അമിത് ഷായാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മറ്റു പാര്‍ട്ടികള്‍ സ്വന്തം നേതാക്കളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പയറ്റുമ്പോള്‍ രാഷ്ട്രീയക്കാരനല്ലാത്ത ഒരാള്‍ക്ക് കരാര്‍ നല്‍കി എന്തിനാണ് പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടീക്കുന്നത് എന്നാണ് പ്രശാന്തിനെതിരെ ഒരു വിഭാഗം തൃണമൂല്‍ നേതാക്കള്‍ക്കിടയിലെ വികാരം. പ്രശാന്ത് കിഷോറില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതുണ്ടോ? ബംഗാളില്‍  തൃണമൂല്‍ തിരിച്ചടി നേരിട്ടാല്‍ അത് പ്രശാന്ത് കിഷോറിന്റെ പിഴവായിരിക്കും- തൃണമൂല്‍ എംഎല്‍എ നിയമത് ശൈഖ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പറഞ്ഞു. പ്രശാന്ത് ഇടപെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നേരത്തെ മറ്റൊരു എംഎല്‍എ മിഹിര്‍ ഗോസ്വാമി എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിഞ്ഞിരുന്നു. 'പാര്‍ട്ടിയെ ഒരു കരാറുകാരനെ ഏല്‍പ്പിച്ചിരിക്കുന്നത് പോലെയാണ്. ഒരു കോര്‍പറേറ്റ് സ്ഥാപനം പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളില്‍ ഉത്തരവുകള്‍ നല്‍കുമ്പോള്‍ അത് എന്നെ പോലുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ അനുസരിക്കണം. ഇത് വേദനാജനകമാണ്'- ഗോസ്വാമി പറഞ്ഞു.
 

Latest News