നിലമ്പൂര്‍- കാര്‍ഷിക, കുടിയേറ്റ, മലയോര മേഖലയായ നിലമ്പൂരിന്റെ സംസ്‌കൃതികളെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കഥ പറഞ്ഞ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഹ്രസ്വ ചിത്രം നിര്‍മിക്കുന്നു. ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ നടി നിലമ്പൂര്‍ ആയിഷ അവതരിപ്പിക്കും. പ്രമുഖ നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്‍ രവീന്ദ്രനാണ് ഏകോപിപ്പിക്കുന്നത്.
ഒരു മാസത്തിലധികമായി നടന്‍ രവീന്ദ്രന്‍ നിലമ്പൂരില്‍ താമസിച്ച് സിനിമാ ശില്‍പ്പശാല നടത്തി കുട്ടികള്‍ക്കായുള്ള ഹ്രസ്വചിത്രം നിര്‍മിച്ചിരുന്നു. നിലമ്പൂരിലെ പ്രൊജക്ടിന്റെ സമാപനമായാണ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് മുഴുവന്‍ കഥാപാത്രങ്ങളെയും നിലമ്പൂരില്‍നിന്നെടുത്ത് ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം അടുത്ത സീസണില്‍ ചിത്രം മിഡില്‍ ഈസ്റ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നു രവീന്ദ്രന്‍ പറഞ്ഞു.
നിലമ്പൂര്‍ ആയിഷ അവതരിപ്പിക്കുന്ന മറിയുമ്മ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഹ്രസ്വ ചിത്രത്തിന്റെ കഥ. മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന, ഒരുകൂട്ടം സാധാരണക്കാരായ ഗ്രാമീണര്‍ താമസിക്കുന്ന നിലമ്പൂരിലെ ചാലിയാറിന്റെ തീരത്തുള്ള മറിയുമ്മയുടെ കൃഷിസ്ഥലം വില്‍ക്കാനുള്ള കൊച്ചുമകന്റെയും മരുമകളുടെയും ശ്രമവും അതിനുവേണ്ടി ശ്രമിക്കുന്ന ഒരു ബ്രോക്കറും എല്ലാമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയകാല നാടക നടി കൂടിയാണ് മറിയുമ്മ.
ചാലിയാറിന്റെ തീരത്തുള്ള അവരുടെ കൃഷിസ്ഥലത്ത് റിസോര്‍ട്ട് പണിയുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം. എന്നാല്‍ മണ്ണിനെയും പഴമയെയും മുറുകെപ്പിടിക്കുന്ന മറിയുമ്മ തനിക്ക് ജീവനുള്ളിടത്തോളം ഇതിന് സമ്മതിക്കില്ലെന്ന് വെളിപ്പെടുത്തുകയാണ്. അവരുടെ ഓര്‍മകളില്‍ മാത്രം ജീവിക്കുന്ന ഭര്‍ത്താവുമൊത്ത് സങ്കടങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്.
നടന്‍ രവീന്ദ്രനുള്‍പ്പെടുന്ന യൂണിറ്റ് മൊത്തത്തില്‍ തയാറാക്കിയതാണ് തിരക്കഥ. ആഷിക് അബുവിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന രവീന്ദ്രന്റെ മകന്‍ ബിപിനും അവസാന നാളുകളില്‍ യൂണിറ്റിനോടൊത്ത് ചേര്‍ന്നിട്ടുണ്ട്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ രണ്ടു ബാലതാരങ്ങളും അഭിനയിക്കുന്നുണ്ട്. നിക്കോണ്‍ മിഡില്‍ ഈസ്റ്റ് ആണ് ചിത്രത്തിന്റെ ഇമേജ് പാര്‍ട്ട്ണര്‍.