Sorry, you need to enable JavaScript to visit this website.

മൂന്നാർ സുന്ദരിയാണ്

ഇന്ത്യയിലെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌ക്കാരത്തിൽ രണ്ടാം സ്ഥാനം മൂന്നാർ കരസ്ഥമാക്കി. ഇന്ത്യ ടുഡെ ടൂറിസം ദേശ വ്യാപകമായി നടത്തിയ സർവേയിലാണ് മൂന്നാർ പുരസ്‌ക്കാരം കരസ്ഥമാക്കിയത്. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌ക്കാരം ഏറ്റുവാങ്ങി. 
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള ടൂറിസം ബ്രാൻഡായ കേരള ടൂറിസം ഇതിനകം നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും സുസ്ഥിര ടൂറിസം വികസനത്തിന്റെ മാതൃകയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ മികച്ച ഉദാഹരണമാണ് പുരസ്‌ക്കാരം ലഭിച്ച മൂന്നാർ എന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങിയ വേളയിൽ ടൂറിസം മന്ത്രി പറഞ്ഞു.
കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടിയായ 'ഹ്യൂമൻ ബൈ നേച്ചറി'ന് പ്രസിദ്ധമായ പാറ്റ ഗ്രാൻഡ് പുരസ്‌ക്കാരം ലഭിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ബെയ്ജിംഗിൽ വച്ച് നടന്ന ഓൺലൈൻ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
കോവിഡ് 19 മഹാമാരിയ്ക്ക് ശേഷം ടൂറിസം ട്രാവൽ വ്യവസായത്തിന്റെ തിരിച്ചു വരവിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ ഇന്ത്യാ ടുഡെ പുരസ്‌ക്കാരം ലഭിച്ചത് ഏറെ പ്രാധാന്യമുള്ളതാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ പങ്കാളികൾക്കെല്ലാം ഇത് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് അനന്തര ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചായിരുന്നു ഇക്കുറി ഇന്ത്യ ടുഡെ ടൂറിസം കോൺക്ലേവിലെ ചർച്ച. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ദേശ വ്യാപകമായി സർവേ നടത്തിയത്.
കോവിഡ് 19 മഹാമാരിയെത്തുടർന്ന് ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടായി. പക്ഷെ ഇതിനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 
ഈ മേഖലയിലെ സമസ്ത വിഭാഗങ്ങൾക്കും ഈ സഹായം ഗുണം ചെയ്യും. മൂന്നാറിനെ മനോഹരമായി കാത്തു സൂക്ഷിക്കുന്നതിൽ ടൂറിസം രംഗത്തെ പങ്കാളികൾ പ്രത്യേക അഭിനന്ദനമർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി നശിക്കാതിരിക്കാൻ പ്രദേശവാസികളും നന്നായി ശ്രദ്ധിക്കുന്നുണ്ട്.  മലയോര പ്രദേശം, കായൽകടൽത്തീരം എന്നിവിടങ്ങളിലെല്ലാം ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 

Latest News