Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

സഞ്ചാരികളുടെ മനം കവർന്ന് ബാണാസുര അണക്കെട്ട് 

മുമ്പൊക്കെ വയനാട്ടിലെത്തിയാൽ താമസ സൗകര്യം ലഭ്യമായിരുന്നത് കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ നഗരങ്ങളിലും സർക്കാർ അതിഥി മന്ദിരങ്ങളിലുമായിരുന്നു. കേരളത്തിൽ റിസോർട്ട് വിപ്ലവം നടന്ന ജില്ലയേതെന്ന് ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാം-വയനാട്. നയനമോഹനമായ താമരശ്ശേരി ചുരം കയറി ലക്കിടി എത്തുന്നത് മുതൽ കേരള-കർണാടക അതിർത്തിയ്ക്കടുത്തുള്ള മുത്തങ്ങ വരെ പ്രദേശങ്ങളിൽ എവിടെയാണ് സൗകര്യപ്രദമായ താമസ സ്ഥലങ്ങളില്ലാത്തത്? 
ആദ്യ കാലത്ത് വൈത്തിരിയിലാണ് ഏതാനും റിസോർട്ടുകൾ വന്നത്. പുൽപള്ളിയിലായാലും ബാണാസുര അണക്കെട്ടിനടുത്തായാലും താമസ കേന്ദ്രം ലഭിക്കാതെ സഞ്ചാരികൾ ക്ലേശിക്കില്ല. റിസോർട്ടിന് പകരം ചുരുങ്ങിയ ചെലവിൽ കഴിയാവുന്ന ഹോം സ്‌റ്റേകളും സർവത്ര. 
വയനാട്ടിൽ ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും അടുത്ത കാലത്തായി കൂടുതൽ പേരെടുത്തത് ബാണാസുര സാഗർ അണക്കെട്ട് പ്രദേശമാണ്.  കൽപറ്റയിൽനിന്ന് 21 കിലോമീറ്റർ അകലെയാണ്  പടിഞ്ഞാറെത്തറ എന്ന സുന്ദര ഗ്രാമം.  പശ്ചിമഘട്ടത്തിലാണ് ഈ അണക്കെട്ട്. ചെമ്പ്ര കഴിഞ്ഞാൽ വയനാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. ഇന്ത്യയിലെ മണ്ണു കൊണ്ടുള്ള ഏറ്റവും വലിയ അണക്കെട്ടും, ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണിത്.  മലനിരകളുടെ താഴ്‌വരയിൽ വ്യാപിച്ചു കിടക്കുന്ന നീലജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്. ഇതിനടുത്തുള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ സ്ഥലം കൂടിയാണിവിടം.


രാവിലെ 9 മണിക്കാണിവിടെ പ്രവേശനം തുടങ്ങുന്നത്. പാർക്കിംഗ് കഴിഞ്ഞ് ടിക്കറ്റെടുത്ത് കുറച്ച് സമയം നടക്കാം. മണ്ണ് കൊണ്ട് നിർമ്മിച്ച ഈ അണക്കെട്ട് മാത്രമല്ല കാണാനുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ജലത്തിലെ ഫ്‌ളോട്ടിംഗ് സോളാർ പാനൽ ഡാമിനു മുകളിൽ ടോപ്പ് കവർ പോലെ ഇടം പിടിച്ചിരിക്കുന്നു.  സോളാർ പാനലുകൾ ഒരു നടപ്പന്തൽ പോലെയാണുള്ളത്. പ്രകൃതി രമണീയത മുറ്റി നിൽക്കുന്ന സ്‌പോട്ടാണിത്. കാണാത്ത കാഴ്ചകൾ കാണാനുള്ള ജിജ്ഞാസയാണിവിടെ എത്തുന്ന സഞ്ചാരികൾക്ക്.  പുൽമേട കൊണ്ട് പൊതിഞ്ഞ അണക്കെട്ടും  പച്ചപ്പും ആരെയും ആഹ്ലാദിപ്പിക്കും. പടികൾ കയറി കിതച്ചും അണച്ചും മുകളിലെത്തിയാൽ സുഖകരമായ  അന്തരീക്ഷമാണ്. മാമലകളുടെ ഭംഗി ആസ്വദിച്ച് ഒരുപാട് നേരം വിസ്മയിച്ച് നിൽക്കാം. ബാണാസുര -കുറിച്യാർ മലനിരകൾ ഒരു വശത്ത് ജലാശയവും തീരങ്ങളിൽ പച്ചപ്പിൻ പുതപ്പും അവയെ പ്രണയിച്ച് മലനിരകളും.  ബാണാസുര അണക്കെട്ട് പ്രദേശത്തെ മഞ്ഞ് പൊതിയുന്നത് കാണാൻ ഒക്ടോബർ മാസം കഴിഞ്ഞെത്തുന്നതാണ് ഉചിതം. 
കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണിത്. 


1979ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കാനും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുകയെന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഡാമിൽ നിരവധി ചെറു ദ്വീപുകളും കാണാം. മുമ്പ് ആൾത്താമസം ഉണ്ടായിരുന്ന ഇടങ്ങളായിരുന്നു.  ഡാമിന് വശ്യ സൗന്ദര്യം നൽകുന്നതിൽ അവയും ഒരു പങ്ക് വഹിക്കുന്നു. ഒരു ചെറിയ ലഘുഭക്ഷണശാല, ഉദ്യാനം, ജലവിനോദങ്ങൾ,കുതിര സവാരി,കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നിറയെ ഊഞ്ഞാലുകൾ, ഫിഷ് സ്പാ,  ചെറിയ തോതിലുള്ള മെഡിക്കൽ ക്ലിനിക്ക് എല്ലാമുണ്ട്. ഡാമിന് മുകളിലൂടെ നടക്കുമ്പോൾ സോളാർ പാനൽ പന്തലിട്ട പോലെ തലയ്ക്കു മീതെ വൈദ്യുതി സംഭരിച്ചു കൊണ്ടേയിരിക്കുന്നു. ഡാമിലെ കാര്യങ്ങൾക്കാവശ്യമായ വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കുന്നു. അവിടെ നിന്നു ഡാമിലെ വെള്ളത്തിന് മീതെ കിടക്കുന്ന സോളാർ പാനലും കാണാം. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി. സ്പീഡ് ബോട്ടും, കുട്ട വഞ്ചിയും, കയാക്കിങും എല്ലാം ഉണ്ട്. അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും. 
 സായാഹ്നങ്ങൾ ചെലവിടാൻ ഉത്തമമാണിവിടം. മനസ്സിൽ സുഖമുള്ള കാഴ്ചകളും ഓർമ്മകളും ഇന്ധനമാക്കി വീണ്ടും വരാമെന്ന് ഉറപ്പിച്ചാണ് ബാണാസുരയിൽനിന്ന് തിരിച്ചത്.