സി.പി.ഐ, സി.പി.എമ്മിനോട്  വീണ്ടും പൊരുതിത്തോറ്റു

തിരുവനന്തപുരം- സി.പി.എമ്മിനോട് പൊരുതിതോൽക്കുകയാണ് വീണ്ടും സി.പി.ഐ. മന്ത്രി തോമസ് ചാണ്ടിയുടെ കായൽക്കയ്യേറ്റ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാനെ മാറ്റിനിർത്തിയ എജിയുടെ തീരുമാനത്തിനെതിരെ രംഗത്തിറങ്ങിയ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ നിശബ്ദനായി.  
എ.ജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കാനത്തിന്റെ അഭിപ്രായങ്ങളുടെ കാലാവധി അടുത്ത മന്ത്രിസഭാ യോഗം വരെ അല്ലെങ്കിൽ അടുത്ത എൽ.ഡി.എഫ് യോഗം വരെ മാത്രം. കടുത്ത വിമർശനങ്ങൾ നടത്തിയ ശേഷം നിലപാടുകളിൽനിന്ന് പിൻവാങ്ങുന്നത് പതിവാണെന്ന് സി.പി.ഐക്കുള്ളിലും ആക്ഷേപമുണ്ട്.  പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം വിവാദങ്ങൾക്ക് തുടക്കമിടുന്നതെന്നാണ് കാനത്തിനെ വിമർശിക്കുന്നവർ പറയുന്നത്. 
ഭരണത്തിൽ പങ്കാളിയായി നിന്നുകൊണ്ട് വിവാദ വിഷയങ്ങളിലുള്ള കാനത്തിന്റെ  പ്രതികരണം  പലപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരത്തിലാണ്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി ഏറ്റവും ഒടുവിൽ എജി വിഷയം വരെ ഇതാണ് സൂചിപ്പിക്കുന്നത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചതിനെതിരെ കാനം ശക്തമായി പ്രതികരിച്ചിരുന്നു.   ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി തീരുമാനമെടുത്താൽ എന്തെങ്കിലും നടക്കുമോ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. കൈയേറ്റം ഒഴിപ്പിക്കാൻ ജെ.സി.ബി വേണ്ട നിശ്ചയദാർഢ്യം മതിയെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത എൽ.ഡി.എഫ് യോഗം വരെയേ ഇതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. സബ്കളക്ടറെ ഇടുക്കിയിൽനിന്നു തിരുവനന്തപുരത്തേക്ക് പൊക്കിവിട്ടപ്പോഴും കാനത്തിന് പ്രതികരണമില്ലായിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാകട്ടെ ശബ്ദിക്കാനായതുമില്ല. 
കുട്ടി ജനിക്കുന്നതിന് മുൻപ് നൂലുകെട്ടേണ്ട കാര്യമില്ലെന്നായിരുന്നു അതിരപ്പിള്ളി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാനത്തിന്റെ പ്രതികരണം. എന്നാൽ ജലസേചന പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ട് പോകുമ്പോൾ കാനത്തിന് മിണ്ടാട്ടമില്ല. ഏറ്റവും ഒടുവിൽ  മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി  ബന്ധപ്പെട്ട ഹർജിയിൽ  എ.ജിക്കെതിരെ കാനം രംഗത്തു വന്നു.  എ.ജിക്ക് സർക്കാരിന് മുകളിൽ അധികാരമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മന്ത്രിസഭാ യോഗം നാളെ നടക്കാനിരിക്കെ കാനം അയഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം എജി നിലപാട് കടുപ്പിച്ചതോടെ കാനം പത്തിമടക്കി. 
യു.എ.ഇ കോൺസുലേറ്റിന് തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ ഭൂമിവിട്ടുനൽകാനുള്ള തീരുമാനം റവന്യൂ മന്ത്രി  അറിയുന്നത് കാബിനറ്റ് യോഗത്തിൽവെച്ചാണ്. പ്രതിഷേധം ഉള്ളിലൊതുക്കി സമ്മതം മൂളാനേ മന്ത്രിക്കു സാധിച്ചുള്ളൂ. കാനം എതിർത്തെങ്കിലും പിന്നീട് അഭിപ്രായം ഒന്നും പറഞ്ഞില്ല.
തങ്ങൾക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ മന്ത്രിമാരാരും ഇപ്പോൾ മന്ത്രിസഭാ യോഗങ്ങളിൽപോലും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറില്ല.  സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി കടന്നുകയറുന്നതിനെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്നില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ് തോമസ് ചാണ്ടി വിഷയം. മൂന്നാറായാലും അതിരപ്പിള്ളി വിഷയമായാലും  തങ്ങൾ ജനപക്ഷത്താണ് എന്നുവരുത്തിയ ശേഷം പിൻമാറുന്ന തന്ത്രമാണ് സി.പി.ഐ പയറ്റുന്നത്.

 

Latest News