Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാട്ടത്തില്‍ വീണ്ടും വിജയം, രണ്ടാമത്തെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദം

വാഷിംഗ്ടണ്‍- കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം വിജയിച്ചതായി യു.എസ് ബയോടെക് കമ്പനിയായ മോഡേണ പ്രഖ്യാപിച്ചു.
30,000 ത്തിലേറെ പേരില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതായാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. ഇതോടെ കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ വികസനത്തില്‍ രണ്ടാമത്തെ വഴിത്തിരിവായി.
അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ പങ്കാളിയായ ബയോ ടെക്കും ചേര്‍ന്ന് വികസിപ്പിച്ച  വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
കോശങ്ങളിലേക്ക് കടക്കാനും വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളാക്കി മാറ്റാനും കഴിയുന്ന മെസഞ്ചര്‍ ആര്‍എന്‍എ എന്ന തന്മാത്രകളുടെ സിന്തറ്റിക് പതിപ്പുകള്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് രണ്ട് മുന്‍നിര കമ്പനികളും മരുന്ന് നിര്‍മിച്ചത്.
94.5 ശതമാനം ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന വാര്‍ത്തയെ ഗംഭീരമെന്നാണ്  സാംക്രമിക രോഗങ്ങള്‍ക്കെതിരായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഡയറക്ടര്‍ ആന്റണി ഫൗച്ചി വിശേഷിപ്പിച്ചത്. ഇത് ശരിക്കും  അത്ഭുതകരമായ നേട്ടമാണെന്നും അപ്രീക്ഷിതമാണെന്നും അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞു.
രണ്ടാമത്തെ വാക്‌സിന്‍ സംബന്ധിച്ച വാര്‍ത്തകളും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വിതരണത്തിന്  മാസങ്ങളെടുക്കുമെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.  

 

Latest News