Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്: നജ്‌റാനിൽ വ്യാപാര സ്ഥാപനങ്ങളും പള്ളികളും പൂട്ടി

നജ്‌റാൻ - വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന ചേരിപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 20 വ്യാപാര സ്ഥാപനങ്ങളും 23 ഓഡിറ്റോറിയങ്ങളും 16 മസ്ജിദുകളും അടക്കാൻ നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നിർദേശിച്ചു. കോവിഡ് പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള അടിയന്തര യോഗത്തിലാണ് നിർദ്ദേശം.
ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ നൽകിയ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നതെന്ന് ജലവി രാജകുമാരൻ പറഞ്ഞു. പ്രതിരോധ നടപടികൾ പാലിക്കാത്തതിനാൽ ചില രാജ്യങ്ങൾ രോഗവ്യാപനത്തിന്റെ ശക്തമായ രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിച്ചുവരികയാണ്. 
പ്രവിശ്യയിൽ നിയമ, നിർദേശങ്ങൾ ലംഘിച്ച് സ്വകാര്യ കേന്ദ്രങ്ങളിലും മറ്റും സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യം യോഗം വിശകലനം ചെയ്തു. പരിപാടികൾ സംഘടിപ്പിക്കുന്നവരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. സാമൂഹിക പരിപാടികൾ തടയാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. മസ്ജിദുകളിലും വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും മുൻകരുതൽ, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും ബാധകമാക്കുന്നതിന് ഫീൽഡ് കമ്മിറ്റികളും ബന്ധപ്പെട്ട വകുപ്പുകളും നേരിടുന്ന വെല്ലുവിളികളും യോഗം വിശകലനം ചെയ്തു. 
മസ്ജിദുകളുടെ പ്രവേശന കവാടങ്ങളിൽ വളണ്ടിയർമാരുടെ സേവനം ഏർപ്പെടുത്തുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ, ആരോഗ്യ വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്താൻ തീരുമാനിച്ചു. ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമല്ലാത്ത, മുൻകരുതൽ, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും പാലിക്കാത്ത, വിദേശികളുടെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സ്‌പോൺസർമാർക്കും തൊഴിലാളികൾക്കും കർശന നിർദേശം നൽകാനും തീരുമാനിച്ചു.
 

Latest News