ബിനീഷ് കേസില്‍ വിവരങ്ങള്‍ നല്‍കിയ ആളെ ആക്രമിച്ചു

തിരുവനന്തപുരം- ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ ആക്രമിച്ചെന്ന് പരാതി. ബിനീഷുമായി നേരത്തെ പണമിടപാടുകള്‍ നടത്തിയിരുന്ന ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് വന്‍കിട ലോണ്‍ട്രി സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറന്‍സ് ബിനീഷുമായി തെറ്റിപ്പിരിഞ്ഞിരുന്നു.
ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അക്രമം. അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പരാതിയിലുണ്ട്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ബിനീഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാന്‍ കാരണം എന്ന് ലോറന്‍സിന്റെ പരാതിയില്‍ പറയുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് വരെ ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണെന്നും ബിനീഷിന്റെ ബിനാമിയാണെന്നും ലോറന്‍സ് പറയുന്നു.

Latest News