മദ്യലഹരിയില്‍ പോലീസിന് നേരെ  കൈയേറ്റം; അഭിഭാഷകന്‍ പിടിയില്‍

കോട്ടയം - നടുറോഡില്‍ വനിതാ പോലീസ് സബ് ഇന്‍സ്്‌പെക്ടറെ മദ്യലഹരിയില്‍ കൈയേറ്റത്തിന് ശ്രമിച്ച യുവ അഭിഭാഷകന്‍ പിടിയിലായി. രണ്ടു സുഹൃത്തുക്കളെ പോലീസ് തെരയുന്നു. രാമപുരം പോലീസ് സ്്‌റ്റേഷനിലെ എസ്.ഐ എറണാകുളം സ്വദേശിനി വി.പി ബിനിയെയാണ് കൈയേറ്റത്തിന് ശ്രമിച്ചത്്. രാമപുരം മരങ്ങാട് സ്വദേശി വിപിന്‍ ആന്റണിയാണ് പിടിയിലായത്. 

വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍നിന്നു വാഹന പരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങിയ വിപിന്‍ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

വിപിന്‍ മദ്യ ലഹരിയിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്നു ഓടിപ്പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. വിപിന്‍ ആന്റണിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ച മരങ്ങാട് ഭാഗത്ത് വെച്ച് രാമപുരം എസ്.ഐ, പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, ജഗതി എന്നിവര്‍ക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. പട്രോളിംഗിനിടെ മരങ്ങാട് മൂന്നംഗ സംഘത്തെ കണ്ട് പോലീസ് വാഹനം നിര്‍ത്തി കാര്യങ്ങള്‍ തിരക്കുമ്പോള്‍ ഇവരുടെ സമീപം മദ്യക്കുപ്പികള്‍ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്ന വിപിന്‍ ആന്റണി എസ്.ഐയോട് തട്ടിക്കയറുകയായിരുന്നു. മാസ്‌ക് മാറ്റിയ ശേഷമായിരുന്നു പോലീസുമായി വാക്കേറ്റം നടത്തിയത്്. തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ചുവെന്നാണ് പരാതി. സംഘര്‍ഷത്തിനൊടുവില്‍ വിപിന്‍ ആന്റണിയെ പോലീസ് കീഴ്‌പ്പെടുത്തിയതോടെ സംഘത്തിലുണ്ടായിരുന്ന ദീപക്, സച്ചിന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. വിപിനെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പോലീസിനെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും മൂന്നു പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിപിനെ റിമാന്‍ഡ് ചെയ്തു. ദീപക്, സച്ചിന്‍ എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ്. പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസിനാണ് അന്വേഷണ ചുമതല. ഇവര്‍ മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു.

Latest News