Sorry, you need to enable JavaScript to visit this website.

ഓഹരി ഇൻഡക്‌സുകൾ ചരിത്ര നേട്ടങ്ങളുടെ ആവേശത്തിൽ

ചരിത്ര നേട്ടങ്ങളുടെ ആവേശത്തിലാണ് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ. കോവിഡിന് മരുന്ന് ഡിസംബറിൽ ഇറങ്ങുമെന്ന സൂചനകളും വിദേശ പണപ്രവാഹവും പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ വരവും നിക്ഷേപ മേഖലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. ബോംബെ സെൻസെക്‌സും നിഫ്റ്റിയും ദീപാവലി ആഘോഷങ്ങൾക്കിടയിൽ പുതിയ ഉയരങ്ങൾ കീഴടക്കി. സംവത് 2076 ൽ ബി എസ് ഇ, എൻ എസ് ഇ സൂചികൾ പത്ത് ശതമാനം ഉയർന്നു. പുതു വർഷമായ 2077 ൽ വിപണി കൂടുതൽ മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. കഴിഞ്ഞ പതിനൊന്ന് വർഷ മുഹൂർത്ത കച്ചവടങ്ങൾ പരിശോധിച്ചാൽ ഏഴ് തവണ സൂചികകൾ ഉയർന്നപ്പോൾ നാല് തവണ തിരിച്ചടി നേരിട്ടു. ശനിയാഴ്ച ഒരു മണിക്കൂർ നീണ്ട ദീപാവലി മുഹൂർത്ത കച്ചവടത്തിൽ വിപണി മൂല്യം 94,381.68 കോടി രൂപ ഉയർന്നു. ഓരോ മിനിറ്റിലും നിക്ഷേപ മൂല്യം ഉയർന്നത് 1572.6 കോടി രൂപ തോതിലാണ്്. സംവത് 2076 ൽ ഇന്ത്യയിൽ 90 ശതമാനം ഓഹരികളും മികവിലാണ്. പുതുവർഷമായ 2077 ൽ ബാങ്ക്, ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, കാപിറ്റൽ ഗുഡ്‌സ്, സിമ ന്റ ്, സ്റ്റീൽ, ഐ റ്റി, എഫ് എം സി ജി വിഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാം. സെൻസെക്‌സ് ആറ് ദിവസം കൊണ്ട് 1744 പോയും നിഫ്റ്റി 510 പോയന്റും ഉയർന്നു. എന്നാൽ കാര്യമായ സാങ്കേതിക തിരുത്തൽ ദൃശ്യമാവാഞ്ഞതിനാൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. റെക്കോർഡ് തിളക്കം കണ്ട് പുതിയ നിക്ഷേപങ്ങൾക്ക് മുതിരും മുന്നേ സൂചികയുടെ ഓരോ ചലനവും നിക്ഷേപകർ നിരീക്ഷിക്കേണ്ടതാണ്.  
സെൻസെക്‌സ് അഞ്ചിൽ നാല് ദിവസവും മികവ് കാണിച്ചു. 41,893 പോയന്റിൽ നിന്നുള്ള കുതിപ്പിൽ ജനുവരിയിൽ രേഖപ്പെടുത്തിയ 42,273 പോയന്റിലെ റെക്കോർഡ് തകർത്തു. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് ദീപാവലി വേളയിൽ സെൻസെക്‌സ് 43,681 ലെ ലക്ഷ്യമാക്കി നീങ്ങുമെന്ന കാര്യം. ശനിയാഴ്ച സൂചിക റെക്കോർഡായ 43,839 വരെ കയറിയ ശേഷം 43,637 ലാണ്. 12,256 ൽ നിന്ന് നിഫ്റ്റി അതിവേഗത്തിൽ മുന്നേറി, റെക്കോർഡായ 12,828.70 പോയന്റിൽ എത്തിയ ശേഷം 12,770 ലാണ്. മുഹൂർത്ത വ്യാപാരത്തിൽ ക്ലോസിങ് ഇല്ലാത്തതിനാൽ ഇതേ നിലവാരത്തിൽ ചെവ്വാഴ്ച ഇടപാടുകൾ പുനരാരംഭിക്കും. 
ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിക്ക് 12,870 ൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 13,021 നെ ഉറ്റുനോക്കും. ബുള്ളിഷ് ട്രന്റ് കണക്കിലെടുത്താൽ 13,424 വരെ ഉയരാമെങ്കിലും തിരുത്തൽ അനിവാര്യമാവുന്നു. 12,467 ലെ താങ്ങ് നിലനിൽക്കുവോളം ബുള്ളിഷ് മൂഡിലാവും. ഈ താങ്ങ് നഷ്ടപ്പെട്ടാൽ 12,215 റേഞ്ചിലേയ്ക്കും ഡിസംബറിൽ 11,800 പോയന്റിലേയ്ക്കും തളരാം.  മുൻനിര ഓഹരികളായ ആർ ഐ എൽ, എസ് ബി ഐ, കോൾ ഇന്ത്യ, ഹിൻഡാൽകോ, ഒ എൻ ജി സി, ഇൻഫോസീസ്, റെഡീസ് ലാബ്, സിപ്ല, ടാറ്റാ സ്റ്റീൽ തുടങ്ങിയവ മികവ് കാഴ്ചവെച്ചു.
ഡോളർ ശേഖരിക്കാൻ ചില ബാങ്കുകളും ഇറക്കുമതിക്കാരും ഒരുമിച്ച് എത്തിയത് രൂപയിൽ സമ്മർദം സൃഷ്ടിച്ചു. 73.97 ൽ ഓപൺ ചെയ്ത രൂപയുടെ വിനിമയ മൂല്യം വാരാന്ത്യം 74.59 ലാണ്. ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരം വീണ്ടും റെക്കോർഡ് പുതുക്കി. നവംബർ ആറിന് അവസാനിച്ച വാരം കരുതൽ ശേഖരം 7.7 ബില്യൺ ഡോളർ ഉയർന്ന് 568.4 ബില്യൺ ഡോളറായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1964 ഡോളറിൽ നിന്ന് 1857 ലേയ്ക്ക് ഇടിഞ്ഞ വേളയിലെ ഷോട്ട് കവറിങിൽ ചെറിയ തോതിൽ ഉയർന്ന് വാരാന്ത്യം 1889 ഡോളറിലാണ്. കോവിഡ് മൂലം ഏപ്രിൽ, ഒക്ടോബറിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 47.42 ശതമാനം കുറഞ്ഞു. പ്രതിവർഷം 850 ടൺ സ്വർണം ഇറക്കുമതി നടത്താറുണ്ടങ്കിലും ഇക്കുറി ഇന്ത്യയും ചൈനയും വാങ്ങൽ കുറച്ചതിനാൽ വർഷാന്ത്യം വില 1800 ഡോളറിലേയ്ക്ക് തളരാം. കോവിഡ് പ്രതിസന്ധിക്ക് ഇടയിൽ ഓഗസ്റ്റ് ആദ്യ റെക്കോർഡായ ഔൺസിന് 2088 ഡോളർ വരെ ഉയർന്നിരുന്നു.  

Latest News