Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍; ചോദ്യങ്ങളുമായി ഭാര്യ റെയ്ഹാന

മലപ്പുറം- റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റിലായി ഒരാഴ്ചക്കകം സുപ്രീം കോടിതിയില്‍നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിരിക്ക, തന്റെ ഭര്‍ത്താവ് ഇന്ത്യന്‍ പൗരനല്ലേയെന്ന ചോദ്യവുമായി 41 ദിവസമായി ജയിലില്‍ കഴിയുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന.

എന്റെ ഭര്‍ത്താവിന് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും അറസ്റ്റിന് ശേഷം കോടതിയും ജയില്‍ അധികൃതരും അദ്ദേഹത്തെ കാണാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.  
ഭര്‍ത്താവിനെ കുറിച്ച് ഒന്നും അറിയാന്‍ കഴിയുന്നില്ലെന്നും ജുഡീഷ്യറിയെയും സര്‍ക്കാരിനെയും സമീപിച്ചുവെങ്കിലും ഇതുവരെ നീതി ലഭിച്ചില്ലെന്നും 37 കാരി റെയ്ഹാന പറഞ്ഞു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ യു.പിയിലെ മഥുര ജയിലിലാണ്.
ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് ഒക്ടോബര്‍ അഞ്ചിന് അഴിമുഖം ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് കാപ്പന്‍ മഥുരയില്‍ വെച്ച് അറസ്റ്റിലായത്. ഒക്ടോബര്‍ ആറി ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ (കെയുഡബ്ല്യുജെ) സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നല്‍കി.
ഹാഥ്‌റാസ് ബലാത്സംഗത്തിനെതിരെ മതപരമായ ശത്രുത വളര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിദ്ദീഖ് കാപ്പനും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ മൂന്ന് അംഗങ്ങളും സ്ഥലത്തെത്തിയതെ ന്നായിരുന്നു യു.പി പോലീസിന്റെ ആരോപണം. രാജ്യദ്രോഹ കുറ്റത്തിന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കെയുഡബ്ല്യുജെ ദല്‍ഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്‍ ഒമ്പത് വര്‍ഷം മുന്‍പാണ് ദല്‍ഹിയിലെത്തിയത്.
അറസ്റ്റിനെക്കുറിച്ച് സിദ്ദിഖിന്റെ 90 കാരിയായ മാതാവ് ഖദീജയെ ഇതുവരെ അറിയിച്ചിട്ടില്ല. ദല്‍ഹിയിലുള്ള  മകന്‍ ഉടന്‍ വീട്ടിലെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

 

Latest News