Sorry, you need to enable JavaScript to visit this website.

ആന്ധ്ര മുഖ്യമന്ത്രിയെ നീക്കണമെന്ന് ഹര്‍ജി; സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിക്കെതിരെ നീക്കം നടത്തിയ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഢിയെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വന്യമായ അപവാദങ്ങള്‍ ഉന്നയിച്ച് ജസ്റ്റിസ് എന്‍. വി. രമണയ്‌ക്കെതിരെ ജഗന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ജഗനില്‍ നിന്ന് വിശദീകരണം തേടണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. 

കള്ളപ്പണക്കേസ്, അഴിമതി തുടങ്ങി ഗൗരവമേറിയ 20ലേറെ ക്രിമിനല്‍ കേസുകള്‍ നേരിടുന്നയാളാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാര്‍ യാദവ്, എസ് കെ സിങ് എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 

സുപ്രീം കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിക്കെതിരെയാണ് ജഗന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പരസ്യമായായും മാധ്യമങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News