Sorry, you need to enable JavaScript to visit this website.

കോവിഡ് സമ്പര്‍ക്കം: ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും സ്വയം നിരീക്ഷണത്തില്‍

ലണ്ടന്‍- കോവിഡ് ബാധിച്ച് പിന്നീട് രോഗമുക്തി നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും സ്വയം നിരീക്ഷണത്തിലായി. ഉപദേകരുടെ തമ്മിലടി മൂലം പ്രധാനമന്ത്രിയുടെ ഓഫീസില്‍ കലഹം നടക്കുന്നതിനിടെ ബോറിസിന് സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നത് തിരിച്ചടിയായി. മാസങ്ങള്‍ക്കു മുമ്പ് കോവിഡ് രോഗം ബാധിച്ച് ലണ്ടനിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്നു പ്രധാനമന്ത്രി. ഇത്തവണ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലിരുന്ന് ജോലി തുടരുമെന്നും അറിയിച്ചു. സെല്‍ഫ് ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി പാലിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. വ്യാഴാഴ്ച ബോറിസ് ജോണ്‍സണെ കണ്ട എംപിമാരില്‍ ഒരാളായ ലീ ആന്‍ഡേഴ്‌സണ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കലഹം നടക്കുന്നതിനിടെയാണിത്. പ്രധാനമന്ത്രിയുടെ ഏറ്റവും ശക്തനായ ഉപദേശകന്‍ ഡൊമിനിക് കമിങ്‌സ് അടുത്ത മാസം മുതല്‍ ജോലി അവസാനിപ്പിക്കുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി ഓഫീസ് അറിയിച്ചിരുന്നു. ഓഫീസിലെ ഉന്നതര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
 

Latest News