5ജിയെക്കാള്‍ നൂറിരട്ടി വേഗം; ചൈനയുടെ 6ജി ഉപഗ്രഹ വിക്ഷേപണം വിജയം

ബെയ്ജിങ്- ലോകം 5ജി ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പൂര്‍ണമായും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിലും ചൈന 6ജി സാങ്കേതികവിദ്യാ ലോകത്തേക്ക് പ്രവേശിച്ചു. ലോകത്തെ  ആദ്യ 6ജി സാറ്റലൈറ്റ് ചൈന വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും സാങ്കേതികത്തികവുള്ള സ്മാര്‍ട് ഫോണ്‍ എന്നു വിശേഷിപ്പിക്കുന്ന ഐഫോണ്‍ പോലും കഴിഞ്ഞ മാസമായണ് 5ജി സാങ്കേതിക വിദ്യയുള്ള ഫോണുകള്‍ അവതരിപ്പിച്ചത്. പലരാജ്യങ്ങളും 5ജി നടപ്പിലാക്കാനിരിക്കുന്നതെയുള്ളു. നടപ്പിലാക്കിയിടങ്ങളില്‍ തന്നെ പൂര്‍ണതോതില്‍ ആയിട്ടുമില്ല. ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ച് ചൈനയുടെ സാങ്കേതിക മുന്നേറ്റം. 

ഭാവി ഉപയോഗത്തിനു വേണ്ടി 6ജി ടെക്‌നോളജി പരീക്ഷിക്കുന്നതിനാണ് ഉപഗ്രഹം അയച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചൈനയിലെ ഷാന്‍ഷി പ്രവിശ്യയിലെ തൈയുവാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് 6ജി സാറ്റലൈറ്റ് ഉള്‍പ്പെടെ 12 ഉപഗ്രഹങ്ങള്‍ ചൈന വിജയകരമായി വിക്ഷേപിച്ചത്. ചൈനയുടെ ലോംഗ് മാര്‍ച്ച് റോക്കറ്റ് പരമ്പരയിലെ 351ാം വിക്ഷേപണമായിരുന്നു ഇത്. 

6ജി സാങ്കേതികവിദ്യയ്ക്ക് 5ജിയെക്കാള്‍ നൂറിരട്ടി വേഗത ഉണ്ടാകുമെന്ന് യുഎസിലെ ചൈന എംബസിയാണ് ട്വീറ്റ് ചെയ്തത്. ഉയര്‍ന്ന തരംഗവേഗമുള്ള ടെറാഹെര്‍ട്‌സ് തരംഗങ്ങളാണ് ഈ സാങ്കേതിക വിദ്യയില്‍ അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുന്നത്. ലോകത്ത് മിക്കയിടത്തും ഇനിയും 5ജി സാങ്കേതികവിദ്യ ടെലികോം രംഗത്ത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നിരിക്കെ 6ജി സാങ്കേതിക വിദ്യയുടെ പരീക്ഷണ ഫലങ്ങള്‍ എന്നുമുതല്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇല്ല. 6ജിക്കു പുറമെ ഈ സാറ്റലൈറ്റ് വനങ്ങളിലെ തീപ്പിടിത്തം തടയുന്നതിനും കാര്‍ഷിക വിള ദുരന്തങ്ങളില്‍ നശിക്കുന്നത് നിരീക്ഷുന്നതിനും സഹായിക്കും.
 

Latest News