ഈജിപ്തില്‍ 2500 വര്‍ഷം പഴക്കമുള്ള നൂറിലേറെ ശവപ്പെട്ടികള്‍ പ്രദര്‍ശിപ്പിച്ചു

സഖാറ-  ഈജിപ്തില്‍ കണ്ടെത്തിയ 2,500 വര്‍ഷം പഴക്കമുള്ള നൂറിലധികം ശവപ്പെട്ടികള്‍ പ്രദര്‍ശിപ്പിച്ചു. സഖാറ നെക്രോപോളിസിലെ വിശാലമായ ശ്മശാനത്തില്‍ നിന്നാണ് പുരാതന ശവപ്പെട്ടികള്‍ കണ്ടെത്തിയത്.

26ാം രാജവംശത്തിലെ ശവപ്പെട്ടികള്‍  മുദ്രയിട്ടതും നന്നായി ചായം പൂശിയതും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണെന്ന്   ഈജിപ്ത് സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറല്‍ മുസ്തഫ വസീരി പറഞ്ഞു. ഇതിനുമുമ്പ് കണ്ടെത്തിയ ശവപ്പെട്ടികളേക്കാള്‍ മികച്ച നിലയിലുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.  

യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങലില്‍ ഉള്‍പ്പെടുത്തിയ സ്ഥലത്തുനിന്ന് 59 ശവപ്പെട്ടികള്‍ ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ഇനിയും കൂടുതല്‍ പുരാവസ്തുക്കള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുസ്തഫ  വസീരി പറഞ്ഞു.
പുതുതായി കണ്ടെത്തിയ ശവപ്പെട്ടികളും അനുബന്ധ മമ്മികളും പുരാവസ്തുക്കളും അടുത്ത വര്‍ഷം തുറക്കുന്ന  ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.  

 

Latest News