Sorry, you need to enable JavaScript to visit this website.

ചൊവ്വയിലെ കല്ലുകള്‍ നാസ ഭൂമിയിലെത്തിക്കുന്നു

ന്യൂയോര്‍ക്ക്- യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ആദ്യമായി ചൊവ്വാ ഗ്രഹത്തില്‍ നിന്നും കല്ലുകള്‍ ഭൂമിയിലെത്തിക്കുന്നു. വിശദമായ പഠനങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞര്‍ക്കു വേണ്ടിയാണിതെന്ന് നാസ അറിയിച്ചു. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി(ഇ.എസ്.എ)യുമായി സഹകരിച്ച് മാര്‍സ് സാംപിള്‍ റിട്ടേണ്‍ എന്ന പേരില്‍ പ്രത്യേക ദൗത്യത്തിന് നാസ രൂപം നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ നാസ വിക്ഷേപിച്ച മാര്‍സ് 2020 പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയിലേക്കുള്ള ദൂരം പകുതി പിന്നിട്ടിട്ടുണ്ട്. ഈ പേടകത്തിലെ ഡ്രില്ലുകള്‍ ഉപയോഗിച്ചാണ് ചൊവ്വ ഉപരിതലത്തിലെ കല്ലുകള്‍ ശേഖരിക്കുക. 

പെര്‍സിവിയറന്‍സ് ഡ്രില്‍ ചെയ്‌തെടുക്കുന്ന കല്ലുകള്‍ പ്രത്യേക ട്യൂബുകളിള്‍ ശേഖരിച്ച് ചൊവ്വയില്‍ തന്നെ ഉപേക്ഷിക്കും. പിന്നീട് ഇഎസ്എയുടെ പ്രത്യേക ഉപകരണമാണ് ഇവ എടുക്കുകയും നാസയുടെ മാര്‍സ് അസന്റ് വെഹിക്കിളിനു കൈമാറുകയും ചെയ്യും. മാര്‍സ് അസന്റ് വെഹിക്കില്‍ ഇവ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ വിക്ഷേപിക്കും. ഭ്രമണ പഥത്തില്‍ നിന്നും ഇഎസ്എയുടെ എര്‍ത്ത് റിട്ടേണ്‍ ഓര്‍ബിറ്റര്‍ ഈ സാംപിളുകള്‍ക്കൊപ്പം ഭ്രമണം ചെയ്ത് അവയെ അതീവ സുരക്ഷിതത്വമുള്ള കാപ്‌സ്യൂളിലാക്കിയ ശേഷം ഭൂമിയിലേക്കു തിരിക്കും. ഇവ ഭൂമിയിലെത്താന്‍ ഒരു പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വരുമെന്നും നാസ അറിയിച്ചു.

Latest News