മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

ജലാലാബാദ് (പഞ്ചാബ്)- പഞ്ചാബിലെ ഫസില്‍ക ജില്ലയില്‍ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത പതിനാറുകാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. മൂന്ന് ദിവസമായി അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി മരിക്കുന്നതിനു തൊട്ടുമുമ്പാണ് സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞത്. പോലീസ് കേസെടുത്തുവെങ്കിലും ആരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
ചണ്ഡീഗഢില്‍നിന്ന് 285 കി.മീ അകലെ ജലാലാബാദിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ബുധനാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളുകളിലെത്തി തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാള്‍ കൗമാരക്കാരനാണ്. സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂളില്‍നിന്ന് സാധാരണ തിരിച്ചെത്താറുള്ള സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിനു സമീപം വെച്ച് മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി പാടത്തുവെച്ച് മാറിമാറി പീഡിപ്പിച്ച വിവരം മരിക്കുന്നതിനു തൊട്ടുമുമ്പാണ് മകള്‍ തങ്ങളോട് പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതികളിലൊരാള്‍ തന്റെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണെന്നും അവള്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് മകള്‍ നഷ്ടപ്പെട്ടു. ഇനി നീതിയാണ് വേണ്ടത്- പെണ്‍കുട്ടിയുടെ സങ്കടമടക്കാനാവാതെ പിതാവ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് മുതര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ജലാലാബാദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമര്‍ജിത് സിംഗ് സിദ്ദു പറഞ്ഞു.

Latest News