തിരുവനന്തപുരം- നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട ധനകാര്യമന്ത്രി ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്ന തോമസ് ഐസക്കിൻെറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നെന്നും കിഫ്ബിക്കെതിരേ ബി.ജെ.പിക്കാര്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു.
സി.എ.ജി റിപ്പോർട്ട് ചോർത്തി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
സി.എ.ജി ഇതുവരെ ഒരു റിപ്പോർട്ടുപോലും നിയമസഭയിൽ വെച്ചിട്ടില്ല. സഭയിൽ വെക്കാത്ത ഏത് റിപ്പോർട്ടിനെ കുറിച്ചാണ് ധനകാര്യമന്ത്രി േതാമസ് ഐസക് പറയുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഒരു റിപ്പോർട്ട് എവിടെ നിന്നാണ് ധനകാര്യമന്ത്രിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണം. സാധാരണ ഗതിയിൽ സി.എ.ജി കണ്ടെത്തലുകൾ വിവിധ ഡിപ്പാർട്ട്മെൻറുകൾക്ക് നൽകാറുണ്ട്.
അവർ നൽകുന്ന മറുപടികൾ പരിശോധിച്ചും ചർച്ചകൾക്ക് ശേഷവും റിപ്പോർട്ട് തയാറാക്കി നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങൾ അറിയുന്നത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.






