അമേരിക്കയില്‍ ടിക് ടോക് വില്‍ക്കാന്‍ 15 ദിവസം കൂടി സമയം

വാഷിംഗ്ടണ്‍- ഹ്രസ്വ വീഡിയോ ആപായ ടിക് ടോക്ക് വില്‍ക്കുന്നതിന് ചൈനീസ് കമ്പനിയായ
ബൈറ്റ്ഡാന്‍സിന് 15 ദിവസം കൂടി യു.എസില്‍ ട്രംപ് ഭരണകൂടം അനുവദിച്ചു.

വില്‍പന കരാറിലെത്താന്‍ നവംബര്‍ 27 വരെ സമയമുണ്ടെന്ന് ടിക് ടോക്ക് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും വെളിപ്പെടുത്തി. യു.എസ് സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ടിക്ക് ടോക്കിന്റെ അമേരിക്കയിലെ ആസ്തി  പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനായി വാള്‍മാര്‍ട്ടുമായും ഒറാക്കിളുമായും  കരാറുണ്ടാക്കാന്‍ ബൈറ്റ്ഡാന്‍സ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക്  അനുസൃതമായി  കേസ് പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കും കമ്മിറ്റിക്കും അധിക സമയം നല്‍കുന്നതിനായാണ് അമേരിക്കയിലെ വിദേശ നിക്ഷേപ സമിതി (സിഎഫ്‌ഐയുഎസ്) 15 ദിവസത്തെ കാലാവധി നീട്ടിനല്‍കുന്നതെന്ന്  യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ  ഉത്തരവ് ചോദ്യം ചെയ്ത് കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള യു.എസ് അപ്പീല്‍ കോടതിയില്‍ ബൈറ്റ്ഡാന്‍സ് ചൊവ്വാഴ്ച പുതിയ ഹരജി നല്‍കിയിരുന്നു.
ബൈറ്റ്ഡാന്‍സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച  ടിക് ടോക്ക് വില്‍ക്കാന്‍ സിഎഫ്‌ഐയുഎസ് സമ്മര്‍ദം ചെലുത്തുകയാണെന്ന്  ചൈനീസ് കമ്പനി കുറ്റപ്പെടുത്തി.

90 ദിവസത്തിനുള്ളില്‍ ആപ്ലിക്കേഷന്‍ കൈമാറുകയോ അടച്ചുപൂട്ടുകയോ വേണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് 14 നു പുറപ്പെടുവിച്ച ഉത്തരവില്‍  ബൈറ്റ്ഡാന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.

അമേരിക്കന്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനീസ് സര്‍ക്കാരിന് ലഭിക്കുമെന്നും ടിക് ടോക്ക് ദേശീയ സുരക്ഷാ ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നുമാണ്് ട്രംപ് ഭരണകൂടം വാദിക്കുന്നത്. 100 ദശലക്ഷത്തിലധികം യു.എസ് ഉപയോക്താക്കളുള്ള ടിക് ടോക്ക് ആരോപണങ്ങള്‍ നിഷേധിക്കുന്നു.

വാള്‍മാര്‍ട്ട്-ഒറാക്കിള്‍ ഇടപാടിന് താന്‍ അനുകൂലമാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
ടിക് ടോക്കിന്റെ യു.എസ് ആസ്തികള്‍ സ്വന്തമാക്കുന്ന പുതിയ കമ്പനിയായ ടിക് ടോക്ക് ഗ്ലോബലിന്റെ ഉടമസ്ഥാവകാശ ഘടനയാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നം.

ഒറാക്കിള്‍, വാള്‍മാര്‍ട്ട്, ബൈറ്റ്ഡാന്‍സിലെ നിലവിലുള്ള യു.എസ് നിക്ഷേപകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന പുതിയ സ്ഥാപനം  സുരക്ഷയെ കുറിച്ചുള്ള യുഎസ് ആശങ്കകള്‍ കണക്കിലെടുക്കുമെന്നും അവര്‍ക്കായിരിക്കും യു.എസ് ഉപഭോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയെന്നും ടിക് ടോക്ക് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നാലാമത്തെ നിര്‍ദേശമായി പറയുന്നു.

ടിക്ക് ടോക്കിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍നിന്ന് യു.എസ് വാണിജ്യ വകുപ്പിനെ  ഫെഡറല്‍ കോടതികള്‍ തടഞ്ഞിരുന്നു. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ഇടപാട് നിയന്ത്രണങ്ങള്‍ യു.എസില്‍ ടിക് ടോക്കിനെ ഫലപ്രദമായി നിരോധിക്കുന്നതാകുമെന്ന ബൈറ്റ് ഡാന്‍സിന്റെ വാദം കണക്കിലെടുത്തായിരുന്നു ഉത്തരവുകള്‍.
പുതിയ യുഎസ് ഉപയോക്താക്കള്‍ക്ക്  ആപ്പിളില്‍നിന്നും  ഗൂഗിളില്‍നിന്നും ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിന്  വാണിജ്യ വകുപ്പ് സെപ്റ്റംബര്‍ 27 മുതല്‍ ഏര്‍പ്പെടുത്തിയ നിരോധവും കോടതി നീക്കിയിരുന്നു.

 

Latest News