അല്‍ഖാഇദയിലെ രണ്ടാമനെ രഹസ്യമായി കൊലപ്പെടുത്തി

വാഷിംഗ്ടണ്‍- അമേരിക്ക മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന അല്‍ഖാഇദ പ്രമുഖനെ ഇറാനില്‍വെച്ച് അതീവ രഹസ്യമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  അല്‍ഖാഇദ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായാണ് അമേരിക്ക ഇയാളെ വിശേഷിപ്പിച്ചിരുന്നത്.
1988-ല്‍ താന്‍സാനിയ, കെനിയ എംബസികളല്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ അമേരിക്ക പ്രതിയായി ഉള്‍പ്പെടുത്തിയിരുന്ന  അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ ടെഹ്‌റാനില്‍ രണ്ട് ഇസ്രായില്‍ ചാരന്മാരാണ് രഹസ്യമായി കൊലപ്പെടുത്തിയത്.  ഇവര്‍ മോട്ടോര്‍ സൈക്കിളിലെത്തി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ടൈംസിനോട് സ്ഥിരീകരിച്ചു.
ആഫ്രിക്ക ബോംബാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഏഴിന് നടന്ന കൊലപാതകം അമേരിക്ക, ഇറാന്‍, ഇസ്രായില്‍, അല്‍ഖാഇദ തുടങ്ങി ആരും പരസ്യമായി അംഗീകരിച്ചിട്ടില്ല.
ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദിന്റെ വിധവ മറിയവും മറിയത്തിന്റെ പിതാവ്  അബു മുഹമ്മദ് അല്‍ മസ്രിയും   മുതിര്‍ന്ന അല്‍ഖാഇദ നേതാവിനോടൊപ്പം കൊല്ലപ്പെട്ടുവെന്ന് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു.എസ് അധികൃതര്‍ 10 മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
യു.എസിലോ സഖ്യ രാജ്യങ്ങളിലോ കസ്റ്റഡിയിലാകാത്ത അബ്ദുല്ല ഏറ്റവും പരിചയസമ്പത്തും പ്രാപ്തിയുമുള്ള ആസൂത്രകനാണെന്ന് 2008 ല്‍ യു.എസ് നാഷണല്‍ തീവ്രവാദ വിരുദ്ധ കേന്ദ്രം നല്‍കിയ വളരെ രഹസ്യമായ രേഖയില്‍ പറയുന്നു.
1998 ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും യു.എസ് എംബസികളില്‍ നടത്തിയ ബോംബാക്രമണത്തില്‍ 224 പേര്‍ മരിക്കുകയും അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ വര്‍ഷം അവസാനമാണ് യുഎസ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി അബ്ദുല്ലയെ പ്രതി ചേര്‍ത്തിരുന്നത്.

 

Latest News