തിരുവനന്തപുരം- കോവിഡ് വ്യാപനം തടയുന്നതില്‍ സുപ്രധാനമായ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്കുള്ള പിഴ 200 ൽനിന്ന് 500 രൂപയാക്കി.
പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവർക്കുള്ള പിഴയും 200-ൽ നിന്ന് 500 രൂപയായി ഉയർത്തി. ആവർത്തിച്ചാൽ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.
ഇതുസംബന്ധിച്ച് സർക്കാർ നേരത്തേ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്താണ് പിഴ തുക ഉയർത്തിയത്.
പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കാര്യമാക്കാത്ത സാഹചര്യമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും.
കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000രൂപയാണ് പിഴ. സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീൻ ലംഘനം 2000, കൂട്ടംചേർന്ന് നിന്നാൽ 5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ 2000 ,ലോക്ഡൗൺ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.