റിയാദ് - രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ പാടേ ഇല്ലാതായതായി രാജകുമാരന്‍ പറഞ്ഞു. 2012 നും 2017 നും ഇടയിലുള്ള കാലത്ത് ഭീകരര്‍ സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കകത്തു വരെ പ്രവേശിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്ത് ആദ്യ ഭീകരാക്രമണമുണ്ടായ 1996 മുതല്‍ 2017 വരെയുള്ള കാലത്ത് ഭീകരാക്രമണങ്ങള്‍ ഓരോ വര്‍ഷം കഴിയുന്തോറും കൂടിക്കൂടി വന്നു. ഭീകരാക്രമണമില്ലാതെ ഒരു വര്‍ഷവും കഴിഞ്ഞുപോകാത്ത സ്ഥിതിവിശേഷം ഉടലെടുത്തു. ഓരോ ത്രൈമാസത്തിലും അതിലും കുറഞ്ഞ കാലയളവിലും ഭീകരാക്രമണങ്ങളുണ്ടായി.
2017 മധ്യത്തില്‍ ആഭ്യന്തര മന്ത്രാലയം പുനഃസംഘടിപ്പിക്കുകയും സുരക്ഷാ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും ചെയ്തതോടെ ഭീകരാക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞു. ലക്ഷ്യം നേടാന്‍ കഴിയാതെ, വ്യക്തികള്‍ നടത്തുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഒഴികെ ഇപ്പോള്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ പാടെ ഇല്ലാതായിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.