Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ അഞ്ചു ഡ്രോണുകള്‍ സൗദി സഖ്യസേന തകര്‍ത്തു

റിയാദ് - ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് അയച്ച അഞ്ചു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമം തകര്‍ത്തതിന്റെ ഫലമായി ജിസാനില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിലയത്തിനു കീഴിലെ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമില്‍ അഗ്നിബാധയുണ്ടായതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്. യെമനില്‍ ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദയില്‍ നിന്നാണ് ബോട്ടുകള്‍ വന്നത്. ജിസാനില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിലയത്തിനു കീഴിലെ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമിനു സമീപം വെച്ച് രണ്ടു ബോട്ടുകളും കണ്ടെത്തി സഖ്യസേന തകര്‍ക്കുകയായിരുന്നു.
ജിസാനില്‍ എണ്ണ നിലയം ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഹൂത്തികള്‍ ശ്രമിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ സഖ്യസേന തകര്‍ത്തതിലൂടെ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഹോസുകളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കെതിരായ  ആക്രമണങ്ങളെ സൗദി അറേബ്യ അപലപിക്കുന്നു. സൗദി അറേബ്യയെ മാത്രമല്ല, ലോകത്ത് എണ്ണ കയറ്റുമതി സുരക്ഷയെയും എണ്ണ ലഭ്യതയെയും ആഗോള സ്വതന്ത്ര വ്യാപാരത്തെയും ലോക സമ്പദ്‌വ്യവസ്ഥയെയുമാണ് ഇത്തരം ഭീകരാക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ സമുദ്ര തീരങ്ങളില്‍ വന്‍തോതിലുള്ള പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും സമുദ്ര ഗതാഗതത്തെ ബാധിക്കുമെന്നും ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News