ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ മാറ്റാന്‍ ആവശ്യപ്പെട്ട ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ മുന്‍ മന്ത്രി ലഖിറാം ജോഷിയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലഖിറാം ജോഷി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.
മുന്‍മന്ത്രിയായ ലഖിറാം പാര്‍ട്ടി നേതൃത്വത്തിനെഴുതിയ കത്ത് അച്ചടക്കലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ലഖിറാമിന് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പ്രസിഡന്റ് ബന്‍സിധാര്‍ ഭഗത് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. അച്ചടക്കം പരമപ്രധാനമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ഭഗത് പറഞ്ഞു. ഒരാഴ്ചക്കകം മറുപടി നല്‍കാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതാകുകയോ ചെയ്താല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഭഗത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞു.

 

 

Latest News