ഭാര്യയെ മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ചു, പോലീസ് ഓഫീസറുടെ പണി പോയി 

ന്യൂദല്‍ഹി-ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡല്‍ഹിയില്‍ പൊലീസ് ഓഫീസര്‍ക്ക് ജോലി നഷ്ടമായി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ചൗഹാനെയാണ് ഗൗതം ബുദ്ധ് നഗര്‍ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. താമസസ്ഥലത്തു വച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് ഓഫീസര്‍ വികാസ് ചൗഹാന്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്നതിന് സമീപത്തുള്ളവരെയും അപമാനിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു . സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ വ്യക്തമാക്കി.

Latest News