അഴിമതിവിരുദ്ധ പോരാട്ടം തുടരും - സല്‍മാന്‍ രാജാവ്

സൗദി ശൂറാ പ്രവര്‍ത്തനങ്ങള്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു

നിയോം- അഴിമതി വിരുദ്ധ പോരാട്ടവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ ഒന്നാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാവ്.  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിച്ചു. ചടങ്ങിന്റെ തുടക്കത്തില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കറും അംഗങ്ങളും രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
പൊതുജനങ്ങളുടെ പണം സംരക്ഷിക്കുന്നതിനും ദേശീയമായ ആര്‍ജിത നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും അഴിമതി വേരോടെ ഉന്മൂലനം ചെയ്യുകയും നിയമ വിരുദ്ധ സമ്പാദ്യം തടയുകയും വേണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഇത് ദേശീയ കടമയാണ്. അഴിമതി വിരുദ്ധ പോരാട്ടവുമായി രാജ്യം മുന്നോട്ടുപോകും. മുഴുവന്‍ അഴിമതി കേസുകളെയും അഴിമതി കേസുകളില്‍ നടത്തുന്ന അന്വേഷണങ്ങളിലെ കണ്ടെത്തലുകളും പൂര്‍ണ സുതാര്യതയോടെ പരസ്യപ്പെടുത്തും.
കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ കാലേകൂട്ടി രാജ്യം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. രോഗവ്യാപനം കുറക്കാനും ഗുരുതരാവസ്ഥയിലുള്ള കേസുകളുടെ എണ്ണം കുറക്കാനും ഇതുവഴി സാധിച്ചു. നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ സഹകരിക്കുകയും ചെയ്ത സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള നന്ദി ആവര്‍ത്തിക്കുകയാണ്. മഹാമാരി നേരിടുന്നതില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നന്ദി പറയുന്നു. ദക്ഷിണ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കും രാജവ് നന്ദി പറഞ്ഞു.

 

 

Latest News