Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജുനൈദ് ഖാന്റെ കൊലയാളികളെ സര്‍ക്കാര്‍ അഭിഭാഷകന്‍ സഹായിക്കുന്നു, നടപടി വേണം: രൂക്ഷ വിമര്‍ശനവുമായി കോടതി

ന്യൂദൽഹി ഫരീദാബാദിൽ ജൂനൈദ് ഖാൻ എന്ന 15കാരനെ ട്രെയിനിനകത്തു വച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മുതിർന്ന സർക്കാർ അഭിഭാഷകൻ മുഖ്യപ്രതിയെ സഹായിക്കുന്നുവെന്ന് വിചാരണ കോടതി ജഡ്ജിന്റെ ഗുരുതരമായ വിമർശനം. ഒക്ടോബർ 25ന് കേസ് പരിഗണിക്കുന്നതിനിടെ ഫരീദാബാദ് അഡീഷണൽ സെഷൻസ് കോടതി സർക്കാർ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിട്ടു. ഹരിയാന അഡീഷണൽ അഡ്വക്കെറ്റ് ജനറൽ നീവൻ കൗശിക്, കേസിലെ മുഖ്യപ്രതിയുടെ അഭിഭാഷകൻ നരേഷ് കുമാറിനെ സാക്ഷി വിസ്താര സമയത്ത് പ്രതിക്ക് അനുകൂലമായ തരത്തിൽ സഹായിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സർക്കാർ അഭിഭാഷകനായ കൗശിക് മുഖ്യപ്രതിക്ക് അനുകൂലമായ തരത്തിൽ സാക്ഷികളോട് ചോദിക്കേണ്ട ചോദ്യങ്ങൾ നിർദേശിച്ചുവെന്നാണ് കോടതി രേഖകളിലുള്ളതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് വൈ എസ് റാഥോഡ് പറഞ്ഞു. 

കേസ് അവസാനമായി കോടതി പരിഗണിച്ച രണ്ടു ദിവസങ്ങളിലും ഇങ്ങനെ സഹായം നൽകിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകനൊപ്പം സർക്കാർ അഭിഭാഷകൻ കേസിൽ ഹാജരാകാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ താൻ കോടതി നടപടികൾ വീക്ഷിക്കാൻ വന്നതാണെന്നായിരുന്നു അഡീഷണൽ അഡ്വക്കറ്റ് ജനറൽ കൗശികിന്റെ മറുപടിയെന്നും കോടതി ഉത്തരവിൽ പറയുന്നു. 

കൗശിക്കിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിക്ക് കത്തെഴുതണമെന്നും കോടതി ഉത്തരവിട്ടു. ഈ വിഷയം സംസ്ഥാന സർക്കാരിന്റേയും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന്റേയും പഞ്ചാബ് ആന്റ് ഹരിയാന ബാർ കൗൺസിലിന്റേയും ശ്രദ്ധയിൽ കൊണ്ടു വന്ന് ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യ പരിഗണിക്കാൻ ഹൈക്കോടതിക്ക് കത്തെഴുതണമെന്നാണ് കോടതി ഉത്തരവിട്ടത്. 

'ഹരിയാന സർക്കാരിന്റെ അഡീഷണൽ അഡ്വക്കെറ്റ് ജനറൽ പദവിയിരിക്കുന്ന നീവൻ കൗശിക്കിന്റെ ഈ നടപടി തൊഴിൽപരമായ ദുഷ്‌പെരുമാറ്റമാണ്. നിയമവൃത്തിയുടെ ധാർമ്മികതയ്ക്ക് എതിരും ഒരു അഭിഭാഷകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമാണ്. പ്രത്യേകിച്ച് സർക്കാരിന്റെ അഡ്വക്കെറ്റ് ജനറൽ ഓഫീസിലെ ഒരു നിയമ ഓഫീസറാണ് എന്ന കാരണത്താൽ ഇത് തീർത്തും തെറ്റാണ്,' ജഡ്ജ് വ്യക്തമാക്കി.

പ്രോസിക്യൂഷൻ കേസ് പ്രകാരം ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട യാത്രക്കാരോടൊപ്പം ട്രെയിനിൽ സീറ്റു പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു ന്യൂനപക്ഷ സമുദായംഗമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.  കൊല്ലപ്പെട്ടയാൾ വർഗീയമായ തരത്തിൽ ആക്രമിക്കപ്പെട്ടുവെന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ കേസിൽ സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തിന് അനൂകൂലമായി നിലകൊണ്ടാൽ അതൊരു തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇരയാക്കപ്പെട്ട കക്ഷികളിൽ അരക്ഷിത ബോധമുണ്ടാക്കുകയും അത് നീതിയുക്തമായ വിചാരണയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, കോടതി വ്യക്തമാക്കി. ജുനൈദ് കൊലക്കേസിലെ മുഖ്യപ്രതി നരേഷ് കുമാറും ഹിരയാന സംസ്ഥാന സർക്കാരും തമ്മിലുള്ള കേസ് ആയാണ് ജുനൈദ് കൊലപാതക്കേസിൽ വിചാരണ നടന്നുവരുന്നത്. 

'ഈ കേസിൽ ഞാൻ ഹാജരായിട്ടില്ല. പ്രതിഭാഗം അഭിഭാഷകൻ എന്നെ അറിയുന്നയാളാണ്. കോടതി നടപടികൾ ഹിന്ദിയിൽ രേഖപ്പെടുത്താൻ അദ്ദേഹം എന്റെ സഹായം തേടിയിരുന്നു. അതിനാണ് ഞാൻ കോടതിയിൽ ചെന്നത്. ഭാരതീയ ഭാഷാ അഭിയാൻ എന്ന സംഘടനയുടെ ഓർഗനൈസിംഗ് സെക്രട്ടറി എന്നനിലയിലാണ് ഞാൻ കോടതിയിൽ വന്നത്,' കൗശിക് പറയുന്നു. കോടതികളിൽ ഇന്ത്യൻ ഭാഷാ ഉപയോഗത്തെ സഹായിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനാണിത്. 

ജൂണിൽ പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ ദൽഹിയിൽ സഹോദരനും ബന്ധുക്കൾക്കുമൊപ്പം പോയി മടങ്ങി വരുന്നതിനിടെയാണ് ട്രെയിനിൽ വച്ച് ആൾക്കൂട്ടം ജുനൈദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മാരകമായ കുത്തേറ്റാണ് ജുനൈദ് കൊല്ലപ്പെട്ടത്. വർഗീയപരവും മതത്തിന്റെ പേരിലുമുള്ള കടുത്ത അധിക്ഷേപങ്ങൾക്കും ജുനൈദും ബന്ധുക്കളും ഇരയായിരുന്നു.
 

Latest News