കല്പറ്റ-നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖല തദ്ദേശതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ ആയുധമാക്കാനൊരുങ്ങി യു.ഡി.എഫ്.
തുരങ്കപ്പാത നിര്‍മാണത്തിനു സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്നു വ്യക്തമാക്കുന്ന വിവരാവകാശരേഖയാണ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കൈകളിലെ തുറുപ്പുശീട്ടുകളിലൊന്നായി മാറുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി പ്രദീപ്കുമാറിനു അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുവദിച്ച വിവരാവകാശരേഖയിലാണ് തുരങ്കപ്പാത പദ്ധതിയുമായി ബന്ധപ്പെട്ടു വനം വകുപ്പ് കേന്ദ്ര മന്ത്രാലയത്തിനു അപേക്ഷ നല്‍കിയില്ലെന്നു വ്യക്തമാക്കുന്നത്.
താമരശേരി ചുരത്തിനു ബദലായി വിഭാവനം ചെയ്ത ആനക്കാംപൊയില്‍-മേപ്പാടി റോഡിന്റെ ഭാഗമാണ് കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്നു മുതല്‍ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെയുള്ള തുരങ്കം. പാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.പരിസ്ഥിതി ദുര്ബലപ്രദേശത്തുകൂടിയുള്ള തുരങ്കം അപ്രായോഗികമാണെന്നും പ്രൊജക്ട് ലോഞ്ചിംഗ് രാഷ്ട്രീയ നേട്ടത്തിനായി നടത്തിയ തട്ടിപ്പാണെന്നും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
കോഴിക്കോട്,വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ മഴക്കാലങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം ദിവസങ്ങളോളം ഗതാഗതതടസം ഉണ്ടാകാറുണ്ട്.ഈ സാഹചര്യത്തിലാണ് ബദല്‍പാത വിഭാവനം ചെയ്തത്.നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ താമരശേരി ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ചുരത്തിന്റെ തനിമ,സംരക്ഷണം എന്നിവ ഉറപ്പുവരുത്താനും സാധിക്കുമെന്നു പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വഹിക്കവെ മുഖ്യമന്ത്രി പറയുകയുണ്ടായി.തുരങ്കപ്പതയ്ക്ക് ഏഴ് കിലോമീറ്റര്‍ നീളം വരും.658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയാണ് പദ്ധതിക്കു സര്‍ക്കാര്‍ നല്‍കിയത്.







