പാറ്റ്ന- ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. പരാതികൾ ഉന്നയിച്ച സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ വേണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. മണി പവറും (പണം) മസിൽ പവറുമുണ്ടായിട്ടും ആർ.ജെ.ഡി ഏറ്റവും ഒറ്റ കക്ഷിയാകുന്നത് തടയാൻ മോഡിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും സാധിച്ചില്ല.
പിൻവാതിലിലൂടെ കടന്നുവരാനാണ് മോഡി ശ്രമിച്ചത്. ജയിച്ചത് മഹാസഖ്യമാണ്. പോസ്റ്റൽ ബാലറ്റുകൾ തള്ളിയതായി തേജസ്വി യാദവ് കുറ്റപ്പെടുത്തി. വളരെയധികം പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിന്റെ കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ സ്ഥാനാർത്ഥികൾ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട 8 സീറ്റുകളിൽ വീണ്ടും വോട്ടെണ്ണണമെന്ന് ആർജെഡി തിരഞ്ഞെടുപ്പ് ഫലം വന്ന നവംബർ 10ന് രാത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് വേണമെന്ന് സിപിഐഎംഎല്ലും ആവശ്യപ്പെട്ടിരുന്നു.