ചെന്നൈയില്‍ വൃദ്ധ ദമ്പതികളേയും മകനേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ- വയോധികരായ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സൗകാര്‍പേട്ടിലെ ഒരു വീട്ടില്‍ ബുധനാഴ്ച വൈകീട്ടാണ് ഇവരെ കണ്ടത്. ഇവരുമായി അടുപ്പമുള്ള ആരോ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാജസ്ഥാനില്‍ നിന്നും ചെന്നൈയിലെത്തിയ ദാലി ചന്ദ് (74), ഭാര്യ പുഷ്പ ബായ് (70), മകന്‍ ശീതള്‍ (42) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സുപ്രധാന തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ മഹേഷ് അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തിനായി അഞ്ച് പോലീസ് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
 

Latest News