Sorry, you need to enable JavaScript to visit this website.

ബിഹാര്‍ തോല്‍വി: കോണ്‍ഗ്രസില്‍ അസ്വാരസ്യം വീണ്ടും തലപൊക്കുന്നു

ന്യൂദല്‍ഹി- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും അസ്വാരസ്യം തലപൊക്കുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. നിലവിലുണ്ടായിരുന്ന സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് മഹാസഖ്യത്തെ പരാജയത്തിലേക്കു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു എന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അധികമായി 30 സീറ്റുകള്‍ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. 51 സീറ്റുകളിലെ കോണ്‍ഗ്രസിന്റെ പരാജയം മികച്ച മുന്നേറ്റം നടത്തിയ മഹാസഖ്യത്തിന്റെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചു. തെരഞ്ഞെടുപ്പു ഫലം വന്നതോടെ നാലു മാസം മുമ്പ് കോണ്‍ഗ്രസിനുള്ളിലുണ്ടായ കലാപം വീണ്ടും പുകഞ്ഞേക്കുമെന്നാണ് റിപോര്‍ട്ട്. മുന്നേറിയ ആര്‍ജെഡിയേയും ഇടതു പാര്‍ട്ടികളേയും കോണ്‍ഗ്രസ് വലിച്ചു താഴെയിട്ടുവെന്ന് അന്ന് പ്രതിഷേധിച്ച മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടതായി എന്‍ഡിടിവി റിപോര്‍ട്ടില്‍ പറയുന്നു. 

മത്സരിച്ച 144 സീറ്റില്‍ 75 ഇടത്തും തേജസ്വി യാദവിന്റെ ആര്‍ജെഡി ജയിച്ചു. മത്സരിച്ച 19 സീറ്റില്‍ 12 സീറ്റില്‍ ജയിച്ച ഇടതു പാര്‍ട്ടി പോലും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രകടനത്തില്‍ കോണ്‍ഗ്രസ് വളരെ പിന്നിലായി. ബിഹാര്‍ തെരഞ്ഞെടുപ്പു കൈകാര്യം ചെയ്ത നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് അവര്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചയും മജ്‌ലിസിന്റെ വോട്ടുധ്രുവീകരണവും പരാജയ കാരണങ്ങളായി അവര്‍ എണ്ണുന്നു.

ഇതുവരെ മത്സരിക്കാത്ത 13 സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചതായും പാര്‍ട്ടിക്കുള്ളിലെ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മഹാസഖ്യത്തിലെ ഒരു പാര്‍ട്ടി പോലും 30 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മത്സരിച്ചിട്ടില്ലാത്ത 26 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പു കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെയാണ് വിമത സ്വരമുയര്‍ത്തിയ നേതാക്കള്‍ പഴിക്കുന്നത്. പ്രാപ്തരല്ലാത്ത ഒരു സംഘം നേതാക്കളേയാണ് പാര്‍ട്ടി ദല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് അയച്ചത്. ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പറയുന്നു. 

ബിഹാര്‍ തെരഞ്ഞെടുപ്പിനെ ഒറ്റപ്പെടുത്തി കാണേണ്ടെന്നും മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക ഉപതെരഞ്ഞെടുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിവേണം ഈ പരാജയത്തെ കാണാനെന്നും ഈ നേതാക്കള്‍ പറയുന്നു. ബിഹാറില്‍ ഇത്തവണ പ്രചരണത്തിനിറങ്ങിയ ഒരേ ഒരു മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹം കാര്യമായി ഊന്നിയത് പ്രധാനമന്ത്രി മോഡിക്കെതിരായ വ്യക്തിപരമായ ആക്രമണത്തിലാണ്. ഇത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിപരീത ഫലം ചെയ്തതാണെന്ന് പല നേതാക്കളും നേരത്തെ പറഞ്ഞതുമാണ്. 

അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ഊന്നി പ്രചരണം നടത്തിയ തേജസ്വി യാദവിന്റെ രീതി ആയിരുന്നില്ല രാഹുലിന്റേത്. തേജസ്വിയുടെ പ്രചരണം ഏറെക്കുറെ വിജയം കാണുകയും ചെയ്തു. 

11 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തി രാഹുലിന്റേയും പ്രിയങ്കയുടേയും പ്രാപ്തി സംബന്ധിച്ച് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ചോദ്യമുന്നയിച്ചു തുടങ്ങിയിരിക്കുന്നു. മുന്നില്‍ നിന്നു നയിക്കാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഒരു മുഴുസമയ പാര്‍ട്ടി അധ്യക്ഷന്റെ ആവശ്യകത ഇവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. പാര്‍ട്ടിയെ പുതിയ രീതിയില്‍ നയിക്കാനും സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനും മുഴുസമയ അധ്യക്ഷന്‍ വേണമെന്നാണ് ഇവരുടെ പക്ഷം. 

ഓഗസ്റ്റില്‍ ഈ വിഷയത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം ഉണ്ടായെങ്കിലും പുതിയ പാര്‍ട്ടി മേധാവിയെ കണ്ടെത്തുന്ന നടപടികള്‍ മന്ദഗതിയിലാണ്. താന്‍ ഇടക്കാല അധ്യക്ഷ പദവിയാണ് വഹിക്കുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടും പകരമൊരാളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. 20 മുതിര്‍ന്ന നേതാക്കളാണ് ഓഗസ്റ്റില്‍ സോണിയയുടെ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ കലാപമുണ്ടാക്കിയിരുന്നത്. അവിടെ നിന്ന് പാര്‍ട്ടി ഇനിയും ഒരിഞ്ച് മുന്നോട്ടു പോയിട്ടില്ല.

Latest News