Sorry, you need to enable JavaScript to visit this website.

ഉവൈസിയുടെ 'വോട്ടുവെട്ട്' തുണയായത് മഹാസഖ്യത്തിന് തന്നെ; എന്‍ഡിഎയ്ക്ക് സഹായകമായത് ഒരിടത്തു മാത്രം

പട്‌ന- ലോക്‌സഭാ എംപി അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ബിഹാറിലെ സീമാഞ്ചല്‍ മേഖലയില്‍ അഞ്ചു സീറ്റുകള്‍ നേടി മികച്ച മുന്നേറ്റമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്. പക്ഷെ ഈ സര്‍പ്രൈസ് വിജയത്തിനു പിന്നാലെ ഉയര്‍ന്നത് ഉവൈസിക്കെതിരെ കാലങ്ങളായി നടക്കുന്ന ബിജെപിയുടെ ബി ടീം എന്ന ആരോപണമാണ്. 20 മണ്ഡലങ്ങളിലാണ് ഉവൈസിയുടെ മജ്‌ലിസ് മത്സരിച്ചത്. അഞ്ചിടത്തു മാത്രം ജയിച്ചു. എന്നാല്‍ ബാക്കി സീറ്റുകളില്‍ മിക്കയിടത്തും ഉവൈസി എന്‍ഡിഎയ്ക്കു വിജയപാതയൊരുക്കി എന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ വോട്ടുകളുടെ കണക്കുകളും പാര്‍ട്ടികളുടെ വിജയ ഭൂരിപക്ഷവും പിശോധിച്ചാല്‍ വസ്തുത മറ്റൊന്നാണ്. 

മജ്‌ലിസ് മത്സരിച്ച 20 സീറ്റുകളില്‍ ഒമ്പത് മണ്ഡലങ്ങളിലും ജയിച്ചത് മഹാസഖ്യമാണ്. അമോര്‍, ബയ്‌സി, കൊച്ചധാമന്‍, ബഹദുര്‍ഗഞ്ച്, ജോകിഹട്ട് എന്നീ അഞ്ചു സീറ്റുകളിലാണ് മജ്‌ലിസ് ജയിച്ചത്. അരാറിയ, കസ്ബ, കിഷന്‍ഗഞ്ച്, മനിഹാരി, ഫുല്‍വാരി, സാഹെബ്പൂര്‍, കമല്‍, ഷേര്‍ഘട്ടി, സിക്ത, ഠാക്കൂര്‍ഗഞ്ച് എന്നീ ഒമ്പതു മണ്ഡലങ്ങളില്‍ മഹാസഖ്യം ജയിച്ചു. അതായത് മജ്‌ലിസ് മത്സരിച്ച 20 സീറ്റുകളില്‍ 14 ഇടത്തും ബിജെപി സഖ്യം പരാജയപ്പെട്ടു. എന്‍ഡിഎ ജയിച്ചത് ബരാരി, ഛതപൂര്‍, നര്‍പത്ഗഞ്ച്, പ്രാണ്‍പൂര്‍, റാണിഗഞ്ച്, സാഹെബ്ഗഞ്ച് എന്നീ ആറു മണ്ഡലങ്ങളില്‍ മാത്രമാണ്. ഈ ആറു സീറ്റില്‍ റാണിഗഞ്ചിൽ മാത്രമാണ് മജ്‌ലിസ് ബിജെപി സഖ്യകക്ഷിക്ക് വിജയമൊരുക്കി കൊടുത്തിട്ടുള്ളതെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 

ബരാരിയില്‍ ജയിച്ച എന്‍ഡിഎക്ക് ലഭിച്ച ഭൂരിപക്ഷം 10,438 വോട്ടുകളാണ്. 81,320 വോട്ടുകള്‍ നേടിയ ജെഡിയു സ്ഥാനാര്‍ത്ഥി ബിജയ് സിങാണ് ഇവിടെ ജയിച്ചത്. 70,473 വോട്ടു ലഭിച്ച മഹാസഖ്യത്തിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ രണ്ടാമതെത്തി. ബിജെപി സഖ്യകക്ഷിയായ എല്‍ജെപിയാണ് ഇവിടെ മൂന്നാമത്. വെറും 6598 വോട്ടുകള്‍ മാത്രമാണ് നാലാമതെത്തിയ മജ്‌ലിസിന് ഇവിടെ ലഭിച്ചത്. എന്‍ഡിയയുടെ ജയത്തില്‍ മജ്‌ലിസ് ഒരു നിലയ്ക്കും സഹായിച്ചിട്ടില്ലെന്നു വ്യക്തം. 

ഛത്തപൂരില്‍ ജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷം 20,635 വോട്ടുകളാണ്. എന്നാല്‍ ഇവിടെ നാലാം സ്ഥാനത്തുള്ള മജ്‌ലിസിന് ആകെ ലഭിച്ചത് വെറും 1,990 വോട്ടുകള്‍ മാത്രം. ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമര്‍ സിങ്. രണ്ടാമതെത്തിയത് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിപിന്‍ കുമാര്‍ സിങ്.

നര്‍പത്ഗഞ്ചില്‍ ജയിച്ച ബിജപി സ്ഥാനാര്‍ത്ഥി ജയ് പ്രകാശ് യാദവിന്റെ ഭൂരിപക്ഷം 28,610 വോട്ടുകള്‍. ഇവിടെ മൂന്നാം സ്ഥാനത്തുള്ള മജ്‌ലിസിന് ലഭിച്ച ആകെ വോട്ടുകള്‍ വെറും 5,495 മാത്രം.

പ്രാണ്‍പൂരില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി നിശ സിങിന്റെ ഭൂരിപക്ഷം 2,972 വോട്ടുകളാണ്. ഈ മണ്ഡലത്തില്‍ ഏറ്റവും പിറകില്‍ 13ാം സ്ഥാനത്തുള്ള മജ്‌ലിസിന് ആകെ ലഭിച്ചത് വെറും 508 വോട്ടുകള്‍ മാത്രം. 

സാഹെബ്ഗഞ്ചില്‍ ജയിച്ചത് എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. ഭൂരിപക്ഷം 15,333 വോട്ടുകള്‍. ഇവിടെ നാലാം സ്ഥാനത്തുള്ള മജ്‌ലിസിനെ ആകെ ലഭിച്ചത് 4055 വോട്ടുകളും. 

റാണിഗഞ്ചില്‍ മാത്രമാണ് മജ്‌ലിസ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന് വിജയമൊരുക്കി കൊടുത്തത്. ഇവിടെ ജെഡിയുവിലെ അഷ്മിത് റിഷിദേവിന്റെ ഭൂരിപക്ഷം 2,304 വോട്ടുകളാണ്. ഇവിടെ ആറാമതെത്തിയ മജ്‌ലിസ് സ്ഥാനാര്‍ത്ഥി റോഷന്‍ ദേവിക്ക് ആകെ ലഭിച്ചത് 2,412 വോട്ടും. ജന്‍ അധികാര്‍ പാര്‍ട്ടി 2,922, സ്വതന്ത്രന്‍ 2,467 എന്നിങ്ങനെ സമാന എണ്ണം മറ്റുള്ളവര്‍ക്കും ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനും മഹാസഖ്യത്തിനുമെതിരെ ശക്തമായ പ്രചരണവും നടത്തിയിരുന്നു. വര്‍ഷങ്ങളോളം ഭരിച്ചിട്ടും മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ മുസ്‌ലിംകളെ പ്രധാന വോട്ടു ബാങ്കായി കണ്ട കോണ്‍ഗ്രസോ ആര്‍ജെഡിയോ ഒരു പുരോഗതിയും ഉണ്ടാക്കിയില്ലെന്നായിരുന്നു ഉവൈസിയുടെ പ്രധാന ആരോപണം. ഇവിടെ പരമ്പരാഗതമായി മുസ്‌ലിം വിഭാഗം ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയുമാണ് പിന്തുണച്ചു വന്നിരുന്നത്.

 


 

Latest News